CrimeNEWS

യുഎസില്‍ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരം; വയറ്റില്‍ രക്തസ്രാവം

ന്യൂയോര്‍ക്ക്: യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്), ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു.

നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. വീടിനടുത്തെ പള്ളിയുടെ മുറ്റത്ത് ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെ സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗര്‍ഭിണിയായ മീരയെ ഭര്‍ത്താവ് ഏറ്റുമാനൂര്‍ അഴകുളം അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. സംഭവം സ്ഥലത്ത് ഉടന്‍ തന്നെ പോലീസ് എത്തി മീരയെ ആശുപത്രിയില്‍ എത്തിച്ചു.

അമലിനെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം പുറത്തുവിടും. 2019 ലാണ് മീരയും അമലും തമ്മിലുള്ള വിവാഹം നടക്കുന്നത്. മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ രണ്ട് മാസം ഗര്‍ഭിണിയായിരിക്കുകയാണ് മീര. മീരയുടെ ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഷിക്കാഗോയിലെ മലയാളി സമൂഹം ആവശ്യമായ നടപടികളുമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: