KeralaNEWS

കരുവന്നൂരില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ട് നല്‍കണം; ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ഇഡി റെയ്ഡ് ചെയ്ത് പിടികൂടിയ ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

എന്നാല്‍, ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് ഇഡി നിലപാട്. നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും ഇഡി മറുപടി നല്‍കിയിട്ടുണ്ട്. നിലവില്‍ 55 പേരുടെ അന്വഷണം പൂര്‍ത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാല്‍ രേഖകള്‍ വിട്ട് നല്‍കാന്‍ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കില്‍ സഹായം ചെയ്യാന്‍ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഇഡി രണ്ടാം ഘട്ട അന്വേഷണം നീക്കിയതോടെയാണ് ക്രൈംബ്രാഞ്ച് പുതിയ നീക്കം നടത്തുന്നത്. തൃശ്ശൂര്‍ ക്രൈാംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നാലെയാണ് വിചാരണ കോടതിയെ സമീപിച്ചത്.

 

Back to top button
error: