KeralaNEWS

ഭിക്ഷയല്ല, നിക്ഷേപിച്ച പണമാണ് ചോദിക്കുന്നത്; സഹകരണ ബാങ്കിനുള്ളില്‍ സമരവുമായി വിമുക്തഭടന്റെ ‘വാമഭാഗം’

പത്തനംതിട്ട: നിക്ഷേപിച്ച തുക തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്റെ ഭാര്യ ഉതിമൂട് സര്‍വീസ് സഹകരണ ബാങ്കിനുള്ളില്‍ സമരം നടത്തി. ഒരുവര്‍ഷത്തിലേറെയായി നിരന്തരം കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിമുക്തഭടന്‍ റാന്നി ഉതിമൂട് മരുതനകാര്യാട്ട് പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ തങ്കമണിയമ്മയണ് ബാങ്കില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചത്.

ഒരുവര്‍ഷം മുമ്പും ഇവര്‍ പ്രതിഷേധസമരം നടത്തിയിരുന്നു. വൈകാതെ പണം തിരികെ നല്‍കാമെന്ന ഉറപ്പിന്മേലാണ് അന്ന് മടങ്ങിയത്. എന്നാല്‍, ഇതുവരെ പണം പൂര്‍ണമായി തിരികെ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം നടത്തിയത്. ഡിസംബര്‍ 31-നുള്ളില്‍ പണം നല്‍കുമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പിന്മേലാണ് വൈകിട്ട് സമരം അവസാനിപ്പിച്ചത്.

Signature-ad

വലിയ തുകകളുടെ വായ്പാതിരിച്ചടവ് മുടങ്ങിയതിനാലും നിക്ഷേപകര്‍ പണം പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറെക്കാലമായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്. രാവിലെ 10 മണിക്ക് ഇവര്‍ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടു. ലഭിക്കാത്തതിനെ തുടര്‍ന്ന് നിലത്ത് ഷീറ്റിട്ട് ഇരുന്നു. പണം കിട്ടാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു അവര്‍. ഭിക്ഷയ്ക്കല്ല വന്നതെന്നും നിക്ഷേപിച്ച പണം തിരികെവേണ്ടിയിട്ടാണ് വന്നതെന്നും ബാങ്ക് അധികാരികളൊട് പറഞ്ഞു.

അഞ്ചുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ പണം നിക്ഷേപിച്ചത്. പലിശയടക്കം 10 ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നു. ഇനിയും നാലരലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്ന് തങ്കമണിയമ്മ പറഞ്ഞു. വീട് നിര്‍മിക്കുന്നതിനായിട്ടാണ് പണം തിരികെ ചോദിക്കുന്നത്. വീട് പണി ഏറിയപങ്കും പൂര്‍ത്തിയായി. പണം നല്‍കാത്തതിനാല്‍ വീടിന്റെ താക്കോല്‍ ലഭിക്കുന്നില്ല. വീട് പണി നടക്കുമ്പോള്‍ പണം നല്‍കാമെന്ന ബാങ്കധികൃതരുടെ ഉറപ്പിന്മേലാണ് പണി തുടങ്ങിയത്. എന്നാല്‍, ഇതുവരെ ലഭിച്ചിട്ടില്ല. മക്കളില്ലാത്ത ഇവര്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്.

Back to top button
error: