KeralaNEWS

‘കോണി’ കയറാനുറച്ച് സി.പി.എം? കേരള ബാങ്ക് ഭരണസമിതിയിലേക്ക് ലീഗ് എംഎല്‍എയെ ശുപാര്‍ശ ചെയ്യാന്‍ നീക്കം

കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്‌ലിം ലീഗ് എംഎല്‍എയെ നാമനിര്‍ദേശം ചെയ്യാന്‍ സിപിഎം നീക്കം. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ഒരു എംഎല്‍എയും ലീഗ് നേതാവുമായ സഹകാരിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനാണു ശ്രമം നടക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. നിലവില്‍ സിപിഎം നേതാക്കളോ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.

സഹകരണ നിയമപ്രകാരം ഭരണസമിതി കാലാവധി രണ്ടര വര്‍ഷം പിന്നിട്ടാല്‍ തിരഞ്ഞെടുപ്പില്ലാതെ നാമനിര്‍ദേശത്തിലൂടെ അംഗങ്ങളെ ഉള്‍പ്പെടുത്താമെന്നു വ്യവസ്ഥയുണ്ട്. ഈ വഴിക്കാണ് ലീഗ് എംഎല്‍എയെ പരിഗണിക്കുന്നത്. മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന സഹകാരികളെ മറികടന്നാണിത്.

Signature-ad

സഹകാരികളുടെ തീരുമാനത്തിന് വിരുദ്ധമായി മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെയാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചത്. കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായി പിരിച്ചു വിടപ്പെട്ട ജില്ലാ ബാങ്കിന്റെ പ്രസിഡന്റും മഞ്ചേരി എംഎല്‍എയും ലീഗ് നേതാവുമായ യു.എ.ലത്തീഫാണ് ഹര്‍ജിക്കാരന്‍.

ലീഗ് നേതാവ് ഭരണസമിതി അംഗമായാല്‍ മലപ്പുറത്തെ സഹകാരികള്‍ക്കിടയില്‍ ലയനത്തെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട് എന്ന രീതിയില്‍ കേസ് ദുര്‍ബലപ്പെടാനിടയുണ്ട്. എംഎല്‍എയുടെ സമ്മതമില്ലാതെ ശുപാര്‍ശയ്ക്കു സാധ്യതയില്ല. ലീഗ് നേതൃത്വത്തിന്റെ അറിവും അനുമതിയും ഇല്ലാതെ എംഎല്‍എ കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം സ്വീകരിക്കാന്‍ തയാറാകുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നു.

Back to top button
error: