കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന വിവാദത്തില്‍ മഹാരാജാസ് കോളജ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്.
സോഫ്റ്റ്‌വെയറിലെ തകരാറ് ശ്രദ്ധയില്‍ പെട്ടിട്ടും പരീക്ഷാ കണ്‍ട്രോളര്‍ തിരുത്താന്‍ ഇടപെട്ടില്ല. തെറ്റ് ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ പി.എം ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷക്ക് ഹാജരായിരുന്നില്ല. എന്നാല്‍ എന്‍.ഐ.സി സോഫ്റ്റ്‌വെയറില്‍ ആര്‍ഷോ വിജയിച്ചതായി രേഖപ്പെടുത്തി.
വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ നിന്ന് നീക്കുകയും പിന്നീട് തിരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. രാഷ്ട്രീയ വിവാദമായി മാറിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ കണ്‍ട്രോളറെ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ താക്കീത് ചെയ്തത്.
വെബ്‌സൈറ്റില്‍ തെറ്റായ വിവരം വന്നത് ശ്രദ്ധയില്‍പെട്ടിട്ടും അത് യഥാസമയം തിരുത്തുന്നതില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് വീഴ്ച സംഭവിച്ചു. ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ കോളജിലെ പരീക്ഷാ സംവിധാനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കയച്ച കത്തിലുണ്ട്.
വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആര്‍ഷോയുടെ പരാതിയില്‍ കോളജ് പ്രിന്‍സിപ്പലിനെയും ഒരു മാധ്യമ പ്രവര്‍ത്തകയെും പൊലീസ് ചോദ്യം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പൊലീസ് പിന്നീട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.