KeralaNEWS

സി.പി.എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കുത്തിത്തിരിപ്പുണ്ടാക്കാന്‍: കെ.മുരളീധരന്‍

കോഴിക്കോട്: സി.പി.എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമാണെന്ന് കെ.മുരളീധരന്‍ എം.പി. പലസ്തീന്‍ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുകയും നിയമ സഭയില്‍ പ്രമേയം പാസാക്കുകയും വേണം. പലസ്തീനൊപ്പമാണ് കോണ്‍ഗ്രസെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആര്യാടന്‍ ഷൗക്കത്തിന് നോട്ടീസ് നല്‍കിയത് പലസ്തീന്‍ വിഷയത്തിലല്ലെന്നും പാര്‍ട്ടി വിരുദ്ധ നിലപാടെടുത്തതിനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ‘ആര്യാടന്‍ ഷൗക്കത്തിന് ഓട്ടോറിക്ഷയിലും ചെണ്ടയിലും പോകേണ്ട ആവശ്യമില്ല. തരംതാഴ്ന്ന രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. എ.കെ ബാലന്‍ സൈക്കിള്‍ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും’- മുരളീധരന്‍ പറഞ്ഞു.

Signature-ad

ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫ് ഘടകകക്ഷികള്‍ ഇല്ല. ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടു. സി.പി.എം ഐക്യദാര്‍ഢ്യ പരിപാടിയില്‍ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂര്‍ണമായും പിന്തുണക്കുന്നു. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്. ബി.ജെ.പിക്കൊപ്പമാണ് കോണ്‍ഗ്രസ് നിലപാട്. സുധാകരന്‍ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടതെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Back to top button
error: