KeralaNEWS

വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍: വിയ്യൂര്‍ ജയിലിലെ  ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കൊടിസുനി ഉള്‍പ്പെടെ പത്ത് തടവുകാര്‍ക്കെതിരെ കേസ് 

     വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കില്‍ തടവുകാര്‍ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കൊടി സുനി ഉള്‍പ്പെടെ പത്ത് തടവുകാര്‍ക്കെതിരെ കേസ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 4 ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒരു തടവുകാരനും പരിക്കു പറ്റിയിട്ടുണ്ട്.

Signature-ad

അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുന്‍ദാസിന്റെ തോളെല്ലിന് പൊട്ടലുണ്ട്. ഒരു തടവുകാരനും ആക്രമണത്തില്‍ പരിക്കേറ്റു. അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ജയിലിലെ സംഘര്‍ഷം സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു ഇതനുസരിച്ചാണ് തടവുകാര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം ഉണ്ടായത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. കമ്പിവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നുവത്രേ ആക്രമണം. ഏതോ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു എന്നാണ് സൂചന.

ഇത് ചോദ്യം ചെയ്യാന്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജയില്‍ ഓഫീസില്‍ എത്തുകയായിരുന്നു. ഈസമയത്ത്  4 ഓഫീസര്‍മാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ അടക്കം നശിപ്പിച്ചു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

Back to top button
error: