KeralaNEWS

കണ്ണട വാങ്ങാന്‍ പൊതുഖജനാവില്‍ നിന്ന് 30,500 രൂപ; മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കണ്ണട വാങ്ങാന്‍ പൊതുഖജനാവില്‍ നിന്ന് 30,500 രൂപ അനുവദിച്ചതിനോട് പ്രതികരിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിയുടെ മറുപടി. കേരളീയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വിഷയം ഉന്നയിച്ചത്.

മന്ത്രിക്ക് കണ്ണട വാങ്ങിയ വകയില്‍ പൊതുഖജനാവില്‍നിന്ന് 30,500 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ‘ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു 28.04.2023ല്‍ തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രൈയിംസില്‍നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു’-എന്നാണ് ഉത്തരവില്‍ പറയുന്നത്.

Signature-ad

അതേസമയം, കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. കനകക്കുന്നില്‍ കേരളീയത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. തൃശൂരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഫ്‌ളക്‌സില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. കലക്ടറേറ്റില്‍ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്‌ളക്‌സിലാണ് കരിഓയില്‍ ഒഴിച്ചത്.

 

 

 

Back to top button
error: