തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ആര്യാടന് ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലന്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടന് ഷൗക്കത്ത്. ഷൗക്കത്തിനെതിരെ നടപടി സ്വീകരിച്ചാല്‍ വള പൊട്ടുന്നതു പോലെ കോണ്‍ഗ്രസ് പൊട്ടുമെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിലക്ക് ലംഘിച്ചതിനെതിരെ ആര്യാടന് ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങുന്നതിനിടെയാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ പ്രതികരണം. ഷൗക്കത്തിനെതിരെ നടപടി എടുക്കും എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഷൗക്കത്തിനെ തൊടാന്‍ കഴിയില്ല. കോണ്‍ഗ്രസിനുള്ളിലെ ശക്തനായ മതനിരപേക്ഷ വാദിയാണ് ഷൗക്കത്ത്.
പലസ്തീന് വിഷയത്തില്‍ ശക്തമായ നിലപാടുള്ള നേതാവാണ്. ഇതിന്റെ ഭാഗമായി ഷൗക്കത്തിനെതിരായി അച്ചടക്ക നടപടിയെടുത്താല്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകും. ഷൗക്കത്തിനെതിരായ എന്തെങ്കിലും നടപടി വന്നാല്‍ അദ്ദേഹത്തെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും എല്‍ഡിഎഫും സിപിഎമ്മും സ്വീകരിക്കുക എന്നും ബാലന് പറഞ്ഞു.
അതേസമയം, ആര്യാടന് ഷൗക്കത്തിനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. ഷൗക്കത്ത് ഇന്ന് സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം.
ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിര്‍ദേശിക്കുക. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസിയുടെ നിര്‍ദേശം. കടുത്ത നടപടി എടുക്കണ്ടെന്ന നിലപാടാണ് നിലവില്‍ കോണ്‍ഗ്രസിന്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കരുതലോടെയാണ് ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ നീക്കം.
അച്ചടക്കസമിതി തീരുമാനമെടുക്കും വരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ഷൗക്കത്തിന് നല്കിയ നിര്‍ദേശം. വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്ക ലംഘനം തന്നെ എന്ന് വ്യക്തമാക്കി കെ.പി.സി.സി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.