IndiaNEWS

ദീപാവലിക്ക് തമിഴ്‌നാട്ടിൽ തൊഴിലാളികള്‍ക്ക് സമ്മാനം ബുള്ളറ്റ് !

ചെന്നൈ:തങ്ങളുടെ തൊഴിലിനെ അത്രയേറെ സ്നേഹിക്കുന്ന  ജീവനക്കാരുണ്ട്. തൊഴിലാളികളുടെ ജോലിയോടുള്ള അര്‍പ്പണബോധവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ് അവര്‍ക്ക് നല്ല ശമ്ബളം കൊടുക്കുന്ന മുതലാളിമാരുമുണ്ട്.
എന്നാല്‍ ചില മുതലാളിമാര്‍ തൊഴിലാളികളെ സ്വന്തം കുടുംബത്തെ പോലെ കണ്ട് ആഘോഷ വേളകളില്‍  ലാഭത്തിന്റെ ഒരു പങ്ക് അവർക്ക് വീതിച്ച്‌ കൊടുക്കാറുമുണ്ട്.ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് തമിഴ്‌നാട്ടിൽ നിന്നും കേൾക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി.തമിഴ്നാട്ടിലെ ഒരു തേയില തോട്ടത്തിന്റെ ഉടമ ഈ വര്‍ഷത്തെ ദീപാവലിക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ ഇടം പിടിക്കുന്നത്.

പല മുതലാളിമാരും ദീപാവലിക്ക് മധുരപലഹാരങ്ങളും വസ്ത്രങ്ങളും മറ്റും സമ്മാനമായി നല്‍കുമ്ബോള്‍ ഇവിടെ തേയില തോട്ടത്തിലെ ജീവനക്കാര്‍ക്ക് സമ്മാനമായി കിട്ടിയത് ഇരുചക്ര വാഹനങ്ങളാണ്. സാധാരണ ബൈക്കുകളാണ് സമ്മാനമെന്ന് കരുതാന്‍ വരട്ടെ. ടൂവീലര്‍ പ്രേമികളുടെ സ്വപ്ന വാഹനങ്ങളില്‍ ഒന്നായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റായിരുന്നു ഇത്തവണ ജീവനക്കാര്‍ക്ക് മുതലാളിയുടെ വക സമ്മാനം.

നീലഗിരി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലാണ് സംഭവം. പ്രദേശത്തെ തേയിലത്തോട്ട ജീവനക്കാര്‍ക്കാണ് മുതലാളിയായ ശിവകുമാർ 27 ലക്ഷം രൂപ വിലമതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകൾ ദീപാവലി സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നല്‍കി ചെന്നൈയിലെ ഒരു വ്യവസായി ജീവനക്കാരെ ഞെട്ടിച്ചിരുന്നു. നഗരത്തിലെ പ്രശസ്ത ജ്വല്ലറി ഉടമയായ ജയന്തിലാല്‍ ചായന്തിയായിരുന്നു 10 പേര്‍ക്ക് കാറും 20 പേര്‍ക്ക് ബൈക്കും സമ്മാനിച്ചത്. ഇതിന് മൊത്തത്തില്‍ 1.2 കോടി രൂപയായിരുന്നു അദ്ദേഹം അന്ന് മുടക്കിയത്.

Back to top button
error: