മുട്ടത്തോടിലുള്ള സാല്‍മൊണല്ല ബാക്‌ടീരിയയാണ് വില്ലൻ. മയോണൈസ് തയ്യാറാക്കാൻ മുട്ടപൊട്ടിക്കുമ്ബോള്‍ ബാക്ടീരിയ വെള്ളയിലേക്ക് കലരുന്നു. ഈ മുട്ട ചേര്‍ത്ത മയോണൈസ് പാകം ചെയ്യാത്ത വിഭവമായതിനാല്‍ വിഷബാധ സാദ്ധ്യത നൂറിരട്ടിയാകും.
മയണൈസ് പ്രോട്ടീൻ സമ്ബന്നമായതിനാലും ബാക്ടീരിയ വേഗത്തില്‍ വ്യാപിക്കും. റസ്റ്റോറന്റുകളും ഹോട്ടലുകളും ഫുഡ് ട്രക്കുകളും തലേന്നത്തെ മയോണൈസ് ഫ്രിഡ്‌ജില്‍ വച്ച് പിറ്റേന്ന് വിളമ്ബാറുണ്ട്. ഇത് കൂടുതല്‍ അപകടകരമാണ്.
ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ചിരുന്നു. ഈ വര്‍ഷം ആദ്യം നിലവില്‍വന്ന ഉത്തരവ് കാറ്റില്‍പ്പറത്തി പച്ചമുട്ട ചേര്‍ത്ത മയണൈസാണ് ഹോട്ടലുകളിലും മറ്റും ഇന്നും വിളമ്പുന്നത്.
മയോണൈസില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പച്ച മുട്ടയില്‍ ഓയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ (മുട്ടയില്‍ ഉണ്ടാകുന്ന) സാല്‍മൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ പനി, ഛര്‍ദ്ദി, വയറിളക്കം, കഠിനമായ വയറുവേദന, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാൻ കാരണമാകും. അതിനാല്‍ മയോണൈസ് അതത് ദിവസത്തേക്ക് മാത്രം തയാറാക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിളമ്ബുന്നവരും ശുചിത്വം പാലിക്കുകയും വേണം.
സാല്‍മൊണല്ല അണുബാധ സാധാരണയായി ചെറുകുടലിനെയാണ് ബാധിക്കുന്നത്. ഇതിനെ സാല്‍മൊണല്ല എന്ററോകോളിറ്റിസ് എന്നും വിളിക്കുന്നു. ഭക്ഷ്യവിഷബാധയുടെ ഏറ്റവും സാധാരണമായ ഇനങ്ങളില്‍ ഒന്നാണിത്. ഇവ ബാധിച്ച മൃഗങ്ങളുടെ മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ രോഗംപകരാം.ഇറച്ചി പൂര്‍ണമായി വെന്തില്ലെങ്കില്‍ അണുക്കള്‍ ശരീരത്തില്‍ കയറും. പഴകിയ ചിക്കൻ ആവണമെന്നില്ല, നല്ലതാണെന്ന് തോന്നിക്കുന്ന മാംസത്തിലും അണുക്കള്‍ ഉണ്ടാവാം . ശരീരത്തില്‍ കയറി നാലഞ്ച് മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഈ അണുക്കള്‍ നശിക്കണമെങ്കില്‍ ചുരുങ്ങിയത് 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്തുമിനിറ്റോ, 55ഡിഗ്രിയില്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 60 ഡിഗ്രിയില്‍ അരമണിക്കൂറോ വേവിക്കണം.
ഇല്ലെങ്കില്‍ അണുക്കള്‍ നശിക്കാതെ മാംസത്തില്‍ ഇരിക്കുകയും ഭക്ഷണംവഴി ശരീരത്തില്‍ കയറുകയും ചെയ്യും.ശാസ്ത്രീയമല്ലാത്ത അറവുശാലകളും അറവുകളും മതിയായ പരിശോധന ഇല്ലായ്‌മയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും മലിനമായ ചുറ്റുപാടില്‍ ഭക്ഷണപദാര്‍ഥം സൂക്ഷിച്ചുവെക്കുന്നതും പാചകമുറിയില്‍ വ്യക്തിശുചിത്വം പാലിക്കാതെ ഭക്ഷണം ഉണ്ടാക്കുന്നതും തുടങ്ങി പലകാരണങ്ങള്‍കൊണ്ട് മാരകമായ അസുഖങ്ങള്‍ പിടിപെടാം.
അടുത്തകാലത്ത് വളരെയധികം ജനശ്രദ്ധ നേടിയതാണ് ഷവര്‍മയും അല്‍ഫാം ചിക്കനുമൊക്കെ കഴിച്ചുണ്ടായ അത്യാഹിതങ്ങള്‍.എന്നാൽ അതിലും മാരകമാണ് മയോണൈസ് വഴി ഉള്ളിൽ കടക്കുന്ന ബാക്ടീരിയ.