തൃശൂര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി രമ്യാ ഹരിദാസ് എം.പി. വിദ്യാര്‍ഥികള്‍ പിന്നാലെ ഓടിയിട്ടും ബസ് നിര്‍ത്താതെ പോയതോടെയാണ് എം.പിയുടെ ഇടപെടല്‍. തൃശൂര്‍ പെരുമ്പിലാവിലാണ് സംഭവം.
കോളജിന് മുന്നില്‍ ഒരു ബസും നിര്‍ത്തില്ലെന്ന വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കൊപ്പം റോഡില്‍ നിന്ന് ബസ് തടഞ്ഞു നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുകയായിരുന്നു. എന്നാല്‍, ഇതു വഴി വന്ന ഒരു ബസ് ജീവനക്കാര്‍ അത് ദീര്‍ഘദൂര ബസ്സാണെന്നും വിദ്യാര്‍ഥികളെ കയറ്റാനാകില്ലെന്നും പറഞ്ഞതോടെ രംഗം വഷളായി.
തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടു. എം.പിയോട് ബസിലെ ജീവനക്കാരന്‍ കയര്‍ത്തു സംസാരിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തിയാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയത്. ഒടുവില്‍ ബസ് ജീവനക്കാരന്‍ എം.പിയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു.