IndiaNEWS

കേരളത്തില്‍ റോഡപകടം കൂടുന്നു; മുന്‍വര്‍ഷത്തെക്കാള്‍ 31.87% വര്‍ധന

ന്യൂഡല്‍ഹി: 2022 ല്‍ ഏറ്റവും കൂടുതല്‍ റോഡപകടമുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമത്. തൊട്ടുമുന്‍പുള്ള 2 വര്‍ഷങ്ങളില്‍ അഞ്ചാമതായിരുന്നു.

ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയില്‍ ആറാമതായിരുന്ന കേരളം ഇത്തവണ രണ്ടാമതായി. കേരളത്തില്‍ റോഡപകടം മുന്‍വര്‍ഷത്തെക്കാള്‍ 31.87% വര്‍ധിച്ചെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണ്; 10,000 വാഹനങ്ങളെടുത്താല്‍ 3 മരണം മാത്രം.

കഴിഞ്ഞ 5 വര്‍ഷമായി തമിഴ്‌നാടും മധ്യപ്രദേശുമാണ് റോഡപകടങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 2022 ല്‍ രാജ്യത്ത് 4.61 ലക്ഷം റോഡപകടങ്ങളുണ്ടായി. 1.68 ലക്ഷം പേര്‍ മരിക്കുകയും 4.43 ലക്ഷം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ 2022 ല്‍ രാജ്യത്താകെ മരിച്ചത് 50,029 പേരാണ്. 1.01 ലക്ഷം പേര്‍ക്കു പരുക്കേറ്റു. 2021 ല്‍ മരിച്ചത് 32,877 പേരായിരുന്നു. ഒറ്റവര്‍ഷം കൊണ്ടുള്ള വര്‍ധന 17,152.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു മൂലമുള്ള മരണം ഇരട്ടിയായി. 2021 ല്‍ 8,438 ആയിരുന്നത് 2022 ല്‍ 16,715 ആയി. പരുക്കേറ്റവര്‍ 42,303. അമിതവേഗം മൂല 45,928 പേര്‍ മരിച്ചു. പരുക്കേറ്റവര്‍ 1.1 ലക്ഷം.

പ്രധാന നിരീക്ഷണങ്ങള്‍

  • കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 138 പേര്‍ക്കു വീതം റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുകയും 12 പേര്‍ വീതം മരിക്കുകയും ചെയ്യുന്നു.
  • 2022 ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങളുണ്ടായി. രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5%.
  • കേരളത്തിലെ അപകടങ്ങളില്‍ 17,627 എണ്ണം ദേശീയപാതകളിലാണുണ്ടായത്. രാജ്യമാകെ ദേശീയപാതകളിലുണ്ടായ അപകടങ്ങളില്‍ 11.6% കേരളത്തിലാണ്.
  • റോഡിലെ കുഴികള്‍ മൂലം കേരളത്തില്‍ 25 അപകടങ്ങളുണ്ടായി. ഒരാള്‍ മരിക്കുകയും 30 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യമാകെ 1,856 പേര്‍ മരിച്ചു.
  • കേരളത്തില്‍ റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ട് 305 അപകടങ്ങളിലായി 38 പേര്‍ മരിച്ചു. രാജ്യമാകെ മരിച്ചത് 4,054 പേര്‍.
  • നേരെയുള്ള റോഡുകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടായത് 26,556. വളവുകളിലുണ്ടായ അപകടങ്ങള്‍ 5,510.

 

Back to top button
error: