വിശാഖപട്ടണം: ആന്ധ്ര ട്രെയിനപകടത്തിന് കാരണമായത് ലോക്കോ പൈലറ്റ് സിഗ്‌നല്‍ ലംഘിച്ച് കടന്നതാണെന്ന് കണ്ടെത്തല്‍. കഴിഞ്ഞദിവസം വൈശ്യനഗരം ജില്ലയില്‍ കോത്തവാലസ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം നടന്നത്. വിശാഖപട്ടണത്തു നിന്ന് പാലസയിലേക്ക് പോകുകയായിരുന്ന പ്രത്യേക പാസഞ്ചര്‍ ട്രെയിനിനു പിന്നില്‍ വിശാഖപട്ടണം-റായഗുഡ പാസഞ്ചര്‍ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു.
വിശാഖപട്ടണം-പാലസ ട്രെയിനിന്റെ പിന്നിലെ മൂന്ന് കോച്ചുകളും, വിശാഖപട്ടണം-റായ്ഗുഡ ട്രെയിനിന്റെ ലോക്കോമോട്ടീവും രണ്ട് കോച്ചുകളും പാളം തെറ്റി. അപകടത്തില്‍ കുറഞ്ഞത് 14 പേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വിശാഖപട്ടണം-റായ്ഗുഡ ട്രെയിന്‍ റെയില്‍വേയുടെ സിഗ്‌നല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാതയില്‍ രണ്ടിടത്ത് സിഗ്‌നലുകള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ 2 മിനിറ്റ് നിര്‍ത്തിയിടേണ്ടതുണ്ടായിരുന്നു. പിന്നീട് മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണമെന്നതാണ് ചട്ടം. എന്നാല്‍, ഈ ചട്ടം പാലിക്കാതെ വിശാഖപട്ടണം-റായ്ഗുഡ ട്രെയിനിന്റെ ലോക്കോപൈലറ്റ് യാത്ര തുടര്‍ന്നു. അതേ പാതയില്‍ നേരത്തേ കടന്നുപോയ വിശാഖപട്ടണം – പാലസ പാസഞ്ചര്‍ ട്രെയിന്‍ ഈ ചട്ടം പാലിച്ചാണ് യാത്ര ചെയ്തിരുന്നത്. പാതയില്‍ ചട്ടപ്രകാരം നിയന്ത്രിതമായ വേഗതയില്‍ യാത്ര ചെയ്യുകയായിരുന്ന വിശാഖപട്ടണം-പാലസ ട്രെയിനിനു പിന്നില്‍ വിശാഖപട്ടണം-റായ്ഗുഡ ട്രെയിന്‍ ചെന്നിടിക്കുകയായിരുന്നു.
ലോക്കോപൈലറ്റായ എസ്എംഎസ് റാവുവും, അസിസ്റ്റന്റ് ലോക്കോപൈലറ്റുമാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ട് നിഗമനം ചെയ്യുന്നു. ഇരുവരും അപകടത്തില്‍ മരിച്ചിരുന്നു.