കറാച്ചി: വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അഭയാർത്ഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പാകിസ്താന്റെ അന്ത്യ ശാസനം നാളെ അവസാനിക്കും. ഇതോടെ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങേണ്ടി വരിക 1.7 മില്യൺ ആളുകൾക്കെന്ന് റിപ്പോർട്ട്. പാകിസ്താന്റേതായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഇതര രാജ്യക്കാർ രാജ്യം വിടണമെന്നാണ് പാക് സർക്കാർ വിശദമാക്കിയിട്ടുള്ളത്.
പാകിസ്ഥാനിൽ ജനിച്ച് വളരുകയും എന്നാൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അഫ്ഗാൻ സ്വദേശികൾ അടക്കമാണ് നിലവിൽ രാജ്യം വിടേണ്ടി വരുന്നത്. ഇവരിൽ പാകിസ്താൻ സ്വദേശിയെ വിവാഹം ചെയ്ത് കുട്ടികൾ അടക്കമുള്ളവരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്. ഏകദേശം 60000ൽ അധികം ആളുകൾ ഇതിനോടകം രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ വിശദമാക്കുന്നത്. സെപ്തംബർ 23നും ഒക്ടോബർ 22നും ഇടയിലാണ് ഇത്രയധികം പേർ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഒക്ടോബർ 4നാണ് അനധികൃത കുടിയേറ്റക്കാരോട് മടങ്ങിപ്പോകണമെന്ന് പാകിസ്താൻ നിർദേശം നൽകിയത്.
സാധാരണ നിലയിലക്കാൾ മൂന്നിരട്ടിയായാണ് ആളുകൾ ഇപ്പോൾ മടങ്ങുന്നതെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. പാകിസ്താനിലെ അഫ്ഗാൻ സെറ്റിൽമെന്റുകളിൽ പ്രധാനപ്പെട്ടവയായ കറാച്ചിയിലെ സൊഹ്റാബ് ഗോത്ത് മേഖലയിൽ നിന്ന് തിരക്ക് അധികമായതിനാൽ അധിക ബസുകളാണ് ബസ് ഓപ്പറേറ്റർമാർ ഏർപ്പെടുത്തുന്നത്. നേരത്തെ ആഴ്ചയിൽ ഒരു ബസ് എന്ന നിലയിലായിരുന്നു അഫ്ഗാൻ അതിർത്തിയിലേക്കുള്ള ബസ് സർവ്വീസ് എന്നാൽ സർക്കാരിന്റെ അന്ത്യ ശാസനം വന്നതിന് പിന്നാലെ ഇത് ആഴ്ചയിൽ അഞ്ച് എന്ന നിലയിലായി എന്നാണ് ബസ് ഉടമകൾ റോയിട്ടേഴ്സിനോട് പ്രതികരിക്കുന്നത്.