തൃശ്ശൂര്‍: പണം ആവശ്യപ്പെട്ടുള്ള നിരന്തരപീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. സ്ത്രീധനപീഡനത്തിനാണ് കേസെടുത്തത്. കല്ലുംപുറം പുത്തന്‍പീടികയില്‍ ആബിദിന്റെ ഭാര്യ സബീന (26)യുടെ മരണത്തെത്തുടര്‍ന്ന് മാതാപിതാക്കളാണ്, ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ പരാതി നല്‍കിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുമ്പലാക്കല്‍ സലീമും മാതാവ് ആബിദയുമാണ് പരാതി നല്‍കിയത്. കഴിഞ്ഞ 25-ന് രാവിലെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ സബീനയുടെ മൃതദേഹം കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ ആബിദ് വിദേശത്തായിരുന്നു.
ആബിദും വീട്ടുകാരും പണം ആവശ്യപ്പെട്ട് നിരന്തരം സബീനയെ പീഡിപ്പിക്കാറുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്ത് 40 പവന്‍ ആഭരണങ്ങള്‍ സബീനയ്ക്ക് വീട്ടുകാര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുതവണയായി ആറ് പവനും നല്‍കി. കാര്‍ വാങ്ങാന്‍ 10 ലക്ഷം ആവശ്യപ്പെട്ടായിരുന്നു ഒടുവില്‍ പീഡനം.
ആബിദ് ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും അയച്ച ശബ്ദസന്ദേശങ്ങള്‍ സബീനയുടെ ഫോണിലുണ്ട്. ഈ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭര്‍തൃവീട്ടിലുണ്ടായ അനുഭവങ്ങള്‍ എഴുതിയ ഡയറി അലമാരയില്‍ സൂക്ഷിച്ചിട്ടുള്ളതായി സബീന വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹശേഷം മാസങ്ങള്‍ കഴിഞ്ഞതോടെ കലഹങ്ങള്‍ തുടങ്ങിയെന്നും ഏറെ സഹിച്ചാണ് മകള്‍ ഭര്‍തൃവീട്ടില്‍ കഴിഞ്ഞിരുന്നതെന്നും സബീനയുടെ മാതാപിതാക്കള്‍ പറയുന്നു. പള്ളിക്കമ്മിറ്റിയില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നതായും പറയുന്നു.
മരിക്കുന്നതിനുമുന്‍പ് സബീന വിദേശത്തുള്ള പിതാവിന് ശബ്ദസന്ദേശവും ചിത്രവും അയച്ചിരുന്നു. വിവരം ലഭിച്ച് മാതാവ് ഓട്ടോപിടിച്ച് മകള്‍ക്കരികിലെത്തുമ്പോഴേക്കും മരണം നടന്നിരുന്നു. ആബിദിന്റെ വീട് പോലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.