KeralaNEWS

തരൂരിന്‍റെ ഹമാസ് പ്രസംഗം; വെട്ടിലായി ലീഗ്

കോഴിക്കോട്: ഇസ്രയേലില്‍ ഹമാസ്‌ നടത്തിയത്‌ ഭീകരാക്രമണമെന്ന്‌ വിശേഷിപ്പിച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ എംപിക്കെതിരേ കടുത്ത അമര്‍ഷവുമായി മുസ്‌ലിം ലീഗ്.

മുസ്‌ലിംലീഗ്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ച പലസ്‌തീൻ മനുഷ്യാവകാശ റാലിയിലാണ് കോണ്‍ഗ്രസ്‌ നേതാവ്‌ ഹമാസിനെ ഭീകരരായി വിശേഷിപ്പിച്ചത്‌. ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ ലീഗ് ക്ഷണിച്ചത്. ഇത് തങ്ങള്‍ക്കുതന്നെ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഒരുവിഭാഗം ലീഗ് നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലും മറ്റും തരൂരിനെ പൂര്‍ണമായി പിന്തുണച്ച ലീഗിന് അപ്രതീക്ഷിത തിരിച്ചടിയായി തരൂരിന്‍റെ പരാമര്‍ശം മാറുകയും ചെയ്തു.

Signature-ad

പലസ്‌തീന്‍റെ പേരില്‍ നടത്തിയ റാലി ഇസ്രയേലിനുവേണ്ടിയായി മാറിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. ഇസ്രയേലില്‍ ഹമാസ്‌ നടത്തിയത്‌ ഭീകരാക്രമണമാണെന്ന്‌ തരൂര്‍ പറഞ്ഞത്‌ യുഡിഎഫിലും പുതിയ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കി. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ ഒഴിവാക്കിയാണ് വിശ്വപൗരന്‍ ഇമേജുള്ള തരൂരിനെ പരിപാടിയിലേക്ക് ലീഗ് ക്ഷണിച്ചത്.

അതേസമയം പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്‌ലീം ലീഗ് നടത്തിയ റാലിക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യം ലഭിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.റാലിയില്‍ തരൂരിനെ പങ്കെടുപ്പിച്ചത് രാജ്യാന്തര തലത്തില്‍ ശ്രദ്ധ കിട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

വേദിയില്‍ തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല.വിഷയത്തില്‍ തരൂര്‍ തന്നെ വിശദീകരണം നല്‍കും.തരൂരിന്‍റെ പ്രസംഗത്തിലെ ഒരു വരിയെ മാത്രം പിടിച്ച്‌ സംസാരിക്കുന്നവര്‍ പലസ്തീന്‍ ജനതയെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിഷയത്തിലെ ലീഗ് നിലപാട് അതേ വേദിയില്‍ തന്നെ നേതാക്കള്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: