KeralaNEWS

വൈദ്യുതി ബില്‍ കുടിശികയ്ക്ക് ഫ്യൂസ് ഊരി; കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്

എറണാകുളം: വൈദ്യുതി ബില്‍ കുടിശികയായതോടെ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരി മാറ്റി. ഇതിനു പിന്നാലെ വൈദ്യുതി ലൈനുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഗോവണി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാര്‍ വാഹനം, ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ചു പൊലീസ് പിടിച്ചെടുത്തു. ലൈന്‍മാന്‍മാരെ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു എന്നും പരാതിയുണ്ട്.

ശനിയാഴ്ചയാണ് സംഭവം. മൂവാറ്റുപുഴ വാഴക്കുളത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ വൈദ്യുതി ബില്‍ കുടിശികയായതിനാല്‍ പലവട്ടം കെഎസ്ഇബി ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബില്‍ അടയ്ക്കാതിരുന്നതിനാല്‍ കെഎസ്ഇബി ജീവനക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് ഊരി.

Signature-ad

ഇതിനു പിന്നാലെയാണു മടക്കത്താനം കൊച്ചങ്ങാടിയില്‍ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാനായി ജീവനക്കാര്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിനു മുകളില്‍ ഗോവണി കൊണ്ടുപോയതും ആയുധങ്ങള്‍ ഉണ്ടായിരുന്നതും ചൂണ്ടിക്കാണിച്ചാണു വണ്ടി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. വാഹനത്തില്‍ ഉണ്ടായിരുന്ന ലൈന്‍മാന്‍മാരെ രാത്രി 11വരെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തി. കെഎസ്ഇബി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഗതാഗതനിയമ ലംഘനത്തിന് 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം മോചിപ്പിച്ചത്.

അതേസമയം, ക്വാര്‍ട്ടേഴ്‌സുകള്‍ വൈദ്യുതി ബില്‍ കുടിശിക വരുത്തിയിട്ടില്ലെന്നും കെഎസ്ഇബിക്ക് എതിരെ പ്രതികാര നടപടി സ്വീകരിച്ചുവെന്നുള്ള ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും വാഴക്കുളം പൊലീസ് പറഞ്ഞു. നിയമ ലംഘന നടത്തിയ സ്വകാര്യ വാഹനത്തിനെതിരെ നടപടി എടുത്തത് കെഎസ്ഇബിക്ക് എതിരെയുള്ള പ്രതികാര നടപടിയായി വ്യാഖ്യാനിക്കുകയാണെന്നും പൊലീസ് പറയുന്നു.

Back to top button
error: