കണ്ണൂര്‍: ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാന്‍ സിപിഎം ഇക്കുറി ആരെ കളത്തിലിറക്കും? കെ.കെ.ശൈലജ മുതല്‍ ജോണ്‍ ബ്രിട്ടാസ് വരെയുളളവര്‍ അഭ്യൂഹങ്ങളിലുണ്ട്. കോണ്‍ഗ്രസ് പട്ടിക കൂടി പരിഗണിച്ചാകും അവസാന പേരിലേക്ക് സിപിഎം എത്തുക. കണ്ണൂര്‍ ജില്ല പാര്‍ട്ടി കോട്ടയെങ്കിലും കണ്ണൂര്‍ ലോക്സഭാ സീറ്റ് സിപിഎമ്മിന്റെ കയ്യിലിരിക്കുന്നതല്ല. തുടര്‍ച്ചയായി അഞ്ച് തെരഞ്ഞെടുപ്പുകളില്‍ മുല്ലപ്പളളിയുടെ തേരോട്ടത്തിന് ശേഷം അബ്ദുളളക്കുട്ടിയിലൂടെ 1999ല്‍ പിടിച്ചെടുത്ത മണ്ഡലമാണത്. പിന്നീട് പി.കെ.ശ്രീമതിയിലൂടെയും ജയം. തോറ്റുപോയത് കെ.സുധാകരന് മുന്നിലാണ്, രണ്ട് തവണ.
കാറ്റ് എതിരായാലും കരുത്തരെ ഇറക്കിയാല്‍ കണ്ണൂര്‍ കയ്യില്‍ പോരുമെന്ന് ഇത്തവണ സിപിഎം കണക്കുകൂട്ടുന്നു. 2021 നിയമസഭയില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയ മണ്ഡലവും മുഖ്യമന്ത്രിയുടെ മണ്ഡലവുമെല്ലാമുള്പ്പെടുന്ന കണ്ണൂര്‍ സീറ്റില്‍ ജയത്തില്‍ കുറഞ്ഞത് ഇക്കുറി ചിന്തയിലില്ല. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും അഭ്യൂഹങ്ങളിലും പല പേരുകളുണ്ട്. കഴിഞ്ഞ രണ്ട് തവണയും സുധാകരനോട് ഏറ്റുമുട്ടിയ പി.കെ.ശ്രീമതി. ഒരു തവണ ജയിച്ചു. ഒരിക്കല്‍ വീണു. വീണ്ടുമൊരു ലോക്സഭാ പോരാട്ടത്തിന് മുതിര്‍ന്ന നേതാവിനെ സിപിഎം ഇറക്കുമോ?
വടകരയില്‍ പറഞ്ഞുകേള്‍ക്കുന്ന കെ.കെ.ശൈലജയെ കണ്ണൂരില്‍ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ശക്തം. എംഎല്‍എയായി തിളങ്ങിയ ടി.വി.രാജേഷ് സാധ്യതാപട്ടികയില്‍ മുന്‍നിരയില്‍. കാസര്കോടേക്കല്ലെങ്കില് രാജേഷിന് കണ്ണൂരില്‍ സീറ്റുണ്ടായേക്കാം. യുവപ്രാതിനിധ്യം വന്നാല്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയും പരിഗണനയിലെത്തും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനും സാധ്യതയുണ്ട്.
മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപിയും സ്ഥാനാര്‍ത്ഥിയായേക്കാമെന്ന് കണ്ണൂരിലെ കേള്‍വി. എതിരാളിയെക്കൂടി നോക്കിയാവും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ്.