കണ്ണൂര്‍: നഗരമധ്യത്തിലെ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയ സംഭവത്തില്‍ പുറത്തു വരുന്നത് ഗുരുതരമായ വസ്തുതകളാണ്. ഒഴിവായത് വന്‍ദുരന്തമാണെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിവൈഡര്‍ ഇടിച്ചു തെറിപ്പ് പമ്പിലേക്ക് പാഞ്ഞുവരികയായിരുന്നു എന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വാക്കുകള്‍. തുരുമ്പെടുത്ത നിലയിലായ ജീപ്പിന്റെ ബമ്പര്‍ കെട്ടിവെച്ചിരുന്നത് പ്ലാസ്റ്റിക് കയറുകൊണ്ടാണ്. ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. പമ്പിലേക്ക് ഇടിച്ചു കയറിയ ജീപ്പിലുണ്ടായിരുന്ന രണ്ട് പേരെ അപകടത്തിന് ശേഷം കാണാനുമില്ലെന്ന് പമ്പ് ജീവനക്കാരന് വ്യക്തമാക്കി. ജീപ്പിന്റെ ഭാഗങ്ങളെല്ലാം തുരുമ്പിച്ച അവസ്ഥയിലാണ്.
എആര്‍ ക്യാംപില്‍ നിന്നും ഭക്ഷണം കൊണ്ടുപോകുന്ന വാഹനമാണിതെന്ന് വ്യക്തമായി. വാഹനത്തിന്റെ മുകളില്‍ ക്യാമറകളുണ്ട്. എന്നാല്‍, തീര്‍ത്തും പൊളിയാറായ അവസ്ഥയിലാണ് ഈ വാഹനമുള്ളത്. ഈ മാസം 7 ന് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞതായി പരിവാഹന്‍ സൈറ്റില്‍ നിന്നും അറിയാന്‍ സാധിക്കുന്നുണ്ട്.
ബാരിക്കേഡിന്റെ ശബ്ദം കേട്ട് ഓടിമാറിയത് കൊണ്ട് മാത്രമാണ് തനിക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന് പറയുന്നത്. യൂണിഫോമില്‍ അല്ലാതിരുന്ന രണ്ട് പൊലീസുകാരാണ് വണ്ടിയിലുണ്ടായിരുന്നത് ഇവരെ പിന്നീട് ഈ സ്ഥലത്ത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന് പറയുന്നത്. എന്നാല്‍ ഇവര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ബാരിക്കേഡ് മറികടന്നു. പിന്നീട് അവിടെയുണ്ടായിരുന്ന സിറ്റി ട്രാഫിക് പൊലീസിന്റെ ബാരിക്കേഡും തകര്‍ത്താണ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയത്. ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പ്പെടെ തകര്‍ത്താണ് പൊലീസ് ജീപ്പ് നിന്നത്. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയുടെ സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിരുന്നു. പൊലീസ് ജീപ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്.