KeralaNEWS

കൂട്ടിക്കല്‍ ദുരന്തത്തിന് രണ്ടു വയസ്; നാടുവിട്ടത് നൂറിലധികം കുടുംബങ്ങള്‍

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ടു വയസ്. 2021 ഒക്ടോബര്‍ 16നാണ് കോട്ടയം കൂട്ടിക്കലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട കൊക്കെയാറിലും ഉരുള്‍പൊട്ടിയത് . 21 പേരാണ് അപകടത്തില്‍ മരിച്ചത്.അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങള്‍ പ്രദേശത്ത് നിന്നും പലായനം ചെയ്തു. രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഇവിടെ പാലങ്ങളുടെയും റോഡുകളുടെയും പുനര്‍നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. –

അന്ന് അതിരാവിലെ മുതല്‍ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു .പിന്നാലെ ദുരന്തവും .2021 ഒക്ടോബര്‍ 16 മഴയുണ്ടാക്കിയ മുറിവ് കുട്ടിക്കലിലും കൊക്കയാറിലും ഉണങ്ങിയിട്ടില്ല ഇന്നും. പ്ലാപ്പള്ളി കാവാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി .ഇളംകാട്ടിലും കൊക്കയാറിലുമായി നിരവധി ജീവനുകള്‍ പ്രളയം കവര്‍ന്നു. നൂറിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഉടുതുണി മാത്രമായി ക്യാമ്പുകളില്‍ ഒരുപാട് ജീവിതങ്ങള്‍ ഓടിക്കയറി.

Signature-ad

കോട്ടയം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലം, വെബ്ലി കമ്മ്യൂണിറ്റി പാലം, കൊക്കെയാര്‍ പാലം എന്നിങ്ങനെ പ്രളയം തകര്‍ത്തെറിഞ്ഞത് 44 പാലങ്ങള്‍. ഇളങ്കാട്- വാഗമണ്‍ റോഡ് ,ഏന്തിയാര്‍ – വടക്കേമല റോഡ് എന്നിങ്ങനെ നിരവധി റോഡുകളും ഇപ്പോഴും പ്രളയത്തിന്റെ അവശേഷിപ്പുകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

വിവിധ മത സാമുദായിക സംഘടനകള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 15 ഓളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. സിപിഎം 25 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഡീന്‍ കുര്യാക്കോസ് എ. പി നിര്‍മിച്ചു നല്‍കിയ 20 വീടുകളും ഉടന്‍ കൈമാറും. ഇവയൊക്കെ ആശ്വാസം പകരുന്ന കാര്യങ്ങളാണ്. എന്നാല്‍ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതിലുണ്ടായ കാലതാമസം ദുരന്തബാധിതരായ ജനതയെ ഒരു പാട് വേദനിപ്പിക്കുന്നുണ്ട്.

 

 

Back to top button
error: