ഗൂഡല്ലൂര്‍: നാട്ടിലിറങ്ങി കുഴപ്പമുണ്ടാക്കിയ കാട്ടാനകളെ തുരത്താന്‍ പന്തല്ലൂരിലെത്തിച്ച കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം കാടുകയറി. ഒടുവില്‍ വനംവകുപ്പ് അര്‍ധരാത്രിയില്‍ തിരികെയെത്തിച്ചു. ആഴ്ചകളായി ഇരുമ്പുപാലത്ത് ശല്യമായ കാട്ടാനകളെ തുരത്താന്‍ നിയോഗിച്ച ശ്രീനിവാസനെന്ന കുങ്കിയാനയാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ കാടുകയറിയത്.
തളച്ചിരുന്ന വേലിക്കല്ല് പൊട്ടിച്ച് കട്ടക്കൊമ്പനും ബുള്ളറ്റ് രാജയ്ക്കുമൊപ്പം കാടുകയറുകയായിരുന്നു. ബഹളംകേട്ട് പുറത്തിറങ്ങിയ പാപ്പാന്മാരാണ് കുങ്കിയാനയെ കാണാതായ വിവരം വനപാലകരെ അറിയിച്ചത്. തുടര്‍ന്ന് രാത്രിയില്‍ത്തന്നെ വനപാലകര്‍ കാട് അരിച്ചുപെറുക്കി. രാത്രി പന്ത്രണ്ടോടെ ഉള്‍വനത്തിനടുത്തുവെച്ച് ഒറ്റപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ചേരമ്പാടിയിലെ ജനവാസമേഖലയില്‍ നിത്യശല്യമായിരുന്ന ശ്രീനിവാസനെയും 2016-ല്‍ മയക്കുവെടിവെച്ചാണ് വനംവകുപ്പ് പിടികൂടുന്നത്.
ഇരുമ്പുപാലത്ത് നിത്യശല്യമായ കാട്ടാനകള്‍ക്കൊപ്പം ഇതേ വനപ്രദേശത്താണ് ഈ കുങ്കിയാനയും നേരത്തേ ഉണ്ടായിരുന്നത്. കൂട്ടുകാരെ കണ്ടപ്പോള്‍ ആ ഓര്‍മയില്‍ കാടുകയറിയതാവാമെന്നാണ് കരുതുന്നത്.