കണ്ണൂർ: ചന്ദനക്കാംപാറയിലെ വിജയൻ കടലായിയുടെയും പദ്‌മിനിയുടെയും മകൾ സിമി ഐ.ടി.ഐയിൽ നിന്ന് ഇലക്‌ട്രോണിക്സിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത തൊഴിൽ കോഴിവളർത്തലാണ്.
കൃഷിക്കാരനായ അച്ഛനിൽനിന്ന് പകർന്നുകിട്ടിയ നാട്ടറിവുകളാണ് സിമിയുടെ ഊർജം. വിവാഹിതയായി ബക്കളം കാനൂലിൽ എത്തിയപ്പോഴാണ് കോഴിവളർത്തൽ വിപുലപ്പെടുത്തിയത്.
എട്ടുവർഷം മുൻപ് ആരംഭിച്ച സംരംഭം ഇപ്പോൾ വിജയകരമായി മുന്നോട്ടുപോകുന്നു. മുട്ടക്കോഴികളെ വളർത്തി സർക്കാർ പദ്ധതിയനുസരിച്ച് വിൽക്കുകയാണ് സിമി ബക്കളം.
ഫാമിൽ 3000 കോഴികൾ
സർക്കാർ മേഖലാ കോഴി വളർത്തുകേന്ദ്രത്തിൽനിന്ന് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി സ്വന്തം ഫാമിൽ 46 ദിവസം വളർത്തിയാണ് വിൽപ്പന നടത്തുന്നത്. ഫാമിൽ ഇപ്പോൾ 3000 കോഴികളുണ്ട്.
യുവകർഷക പുരസ്കാരം
മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരം 2015-ൽ ഈ 42കാരിക്ക് ലഭിച്ചു. ഈ മാസം 12ന് കൊച്ചിയിൽ നടന്ന ദേശീയ കാർഷിക സയൻസ് കോൺഗ്രസിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള ആറ് പ്രതിനിധികളിൽ ഒരാളാണ് സിമി. കോഴിവളർത്തലിന് പുറമേ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. ഇലക്‌ട്രീഷ്യനായ ഭർത്താവ് ഉത്തമൻ സഹായവുമായി ഒപ്പമുണ്ട്.
ലോക മുട്ടദിനത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പും കേരളാ വെറ്ററിനറി അസോസിയേഷനും വനിതാ-ശിശുക്ഷേമവകുപ്പും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ സിമി ഉൾപ്പെടെയുള്ള നഴ്സറി ഉടമകളെ ആദരിച്ചു.