തിരുവനന്തപുരം: നടുറോഡില്‍ നടന്ന അക്രമം വിളിച്ചറിയിച്ച യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റായ കൊട്ടിയം സ്വദേശി സാനിഷിനാണ് മര്‍ദനമേറ്റത്. വഞ്ചിയൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ സാനിഷ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
തിങ്കളാഴ്ച രാത്രി വഞ്ചിയൂര്‍ കവറടി ജങ്ഷനിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെ കാന്റീനില്‍നിന്ന് ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോഴാണ് കവറടി ജങ്ഷനില്‍ ഒരാള്‍ മറ്റൊരാളെ ക്രൂരമായി തല്ലുന്നതു കണ്ടു. ഇതോടെ 100-ല്‍ വിളിച്ച് വിവരം അറിയിച്ചു.
മുറിയിലെത്തിക്കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ വഞ്ചിയൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഫോണില്‍ വിളിച്ച് കവറടി ജങ്ഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. അവിടെ മൂന്നു പോലീസുകാര്‍ ഉണ്ടായിരുന്നു. മോശമായി പെരുമാറിയത് ചോദ്യം ചെയ്തതോടെയാണ് മര്‍ദനത്തിന് ഇരയായത്. ബോണറ്റില്‍ തലപിടിച്ചടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അസഭ്യം വിളിച്ച് തന്നെ പുറത്താക്കിയെന്നും പറഞ്ഞു.
അതിനിടെ, യുവാവിനെ പൊലീസ് മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ തലയിടിപ്പിക്കുകയും മുഖത്ത് കൈവീശി അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. പരാതിയില്‍ ശംഖുംമുഖം അസി.കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.