ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആറും നാലും വയസ്സുള്ള പെണ്‍കുട്ടികളെ സഹോദരിയായ 18 വയസുകാരി തലയറുത്ത് കൊലപ്പെടുത്തി. ഇറ്റാവ ബഹാദുര്‍പുര്‍ സ്വദേശി ജയ്വീര്‍ സിങ്ങിന്റെ മക്കളായ സുരഭി(ആറ്) റോഷ്നി(നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ജയ് വീര്‍ സിങ്ങിന്റെ മറ്റൊരു മകളായ അഞ്ജലി(18)യെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജലിയും കാമുകനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെട്ട കാമുകനായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മാതാപിതാക്കളില്ലാത്ത സമയത്ത് അഞ്ജലിയുടെ കാമുകന്‍ വീട്ടിലെത്തിയെന്നും ഇവരുടെ സ്വകാര്യനിമിഷങ്ങള്‍ വീട്ടിലുണ്ടായിരുന്ന സഹോദരിമാര്‍ കണ്ടതാണ് ഇരട്ടക്കൊലയ്ക്ക് കാരണമായതെന്നുമാണ് കണ്ടെത്തല്‍. സംഭവ സമയം അഞ്ജലിയും കൊല്ലപ്പെട്ട സഹോദരിമാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് അഞ്ജലിയുടെ കാമുകന്‍ വീട്ടിലെത്തിയത്. എന്നാല്‍, അഞ്ജലിയെയും കാമുകനെയും വീട്ടിലുണ്ടായിരുന്ന സഹോദരിമാര്‍ കണ്ടു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്നും സഹോദരിമാര്‍ പറഞ്ഞു. ഇതോടെ അഞ്ജലിയും കാമുകനും സഹോദരങ്ങളുമായി വഴക്കിടുകയും പിന്നാലെ മണ്‍വെട്ടി കൊണ്ട് ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കൃത്യം നടത്തിയശേഷം പ്രതികള്‍ മണ്‍വെട്ടിയും ആയുധങ്ങളും വൃത്തിയാക്കിവെച്ചു. സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുകിയിട്ടു. പിന്നാലെ അഞ്ജലിയും കാമുകനും വീട്ടില്‍നിന്ന് സമീപത്തെ വയലിലേക്ക് പോവുകയായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ സഹോദരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നായിരുന്നു അഞ്ജലി പോലീസിന് നല്‍കിയ പ്രാഥമികമൊഴി. അറുത്തുമാറ്റിയ തല ഒരുമുറിയിലും ബാക്കിഭാഗം മറ്റൊരു മുറിയിലുമാണ് കണ്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
അതേസമയം, വീട്ടിലുണ്ടായിരുന്ന മണ്‍വെട്ടിയും മറ്റും കഴുകി വൃത്തിയാക്കിവെച്ചത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. രാവിലെ കൃഷിപ്പണിക്കായി ഇത് ഉപയോഗിച്ചിരുന്നതായും എന്നാല്‍ വൃത്തിയാക്കിവെച്ചിട്ടില്ലെന്നും പിതാവ് ജയ് വീര്‍ സിങ് മൊഴി നല്‍കിയിരുന്നു. ഇതോടെ പോലീസിന് സംശയം വര്‍ധിച്ചു. മാത്രമല്ല, ചില വസ്ത്രങ്ങള്‍ മാത്രം വീടിന് പുറത്ത് കഴുകി ഉണക്കാനിട്ടതും സംശയത്തിനിടയാക്കി. ഇതിനിടെ, അഞ്ജലിയും പ്രദേശവാസിയായ യുവാവും തമ്മില്‍ അടുപ്പത്തിലാണെന്ന വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് അഞ്ജലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി എല്ലാം വെളിപ്പെടുത്തുകയായിരുന്നു.