ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടി രാജ്യത്ത് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2023 ഡിസംബര്‍ – 2024 ജനുവരി മാസങ്ങള്‍ക്കിടയിലാകും തെരഞ്ഞെടുപ്പ് നടക്കുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാധാരണയായി തെരഞ്ഞെടുപ്പിന് ആറു മുതല്‍ എട്ട് ആഴ്ചയ്ക്ക് മുന്‍പാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാറുള്ളത്. എത്ര ഘട്ടമായാണ് തെരഞ്ഞെടുപ്പ്, നാമനിര്‍ദ്ദേശ പത്രിക എന്ന് സമര്‍പ്പിക്കാം, എന്ന് പിന്‍വലിക്കാം എന്നിങ്ങനെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷണന്‍ ഇന്ന് പുറത്തുവിടും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനുമിടയില്‍ തീപാറുന്ന പോരാട്ടമാകും നടക്കുക. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയും തെലങ്കാനയില്‍ കെസിആര്‍ നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രന്റുമാണ് ഭരിക്കുന്നത്.
2018ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞവട്ടം ആദ്യം ഛത്തീസ്ഗഡിലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പുണ്ടായത്. സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് വിവിധ സമയങ്ങളില്‍ നടത്താനാണ് സാധ്യതയെങ്കിലും വോട്ടെണ്ണല്‍ ഒന്നിച്ചായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.