KeralaNEWS

ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 വര്‍ഷം; ഇടിഞ്ഞു വീഴാറായ കൂരയ്ക്കു കീഴെ അേന്തവാസികള്‍

കോഴിക്കോട്: ഏത് നിമിഷവും അടര്‍ന്ന് വീഴാവുന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ കഴിയുകയാണ് കല്ലൂത്താന്‍ കടവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാര്‍. 4 വര്‍ഷം മുന്‍പ് കോര്‍പ്പറേഷന്‍ നല്‍കിയ ഫ്‌ലാറ്റാണ് ചോര്‍ന്നൊലിച്ചും വിള്ളല്‍ വീണും അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്ന കുട്ടിയുടെ സമീപം സീലിംഗ് അടര്‍ന്ന് വീണെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് ഫ്‌ലാറ്റിലുള്ളവരുടെ ജീവിതം. കല്ലൂത്താന്‍ കടവ് കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കോഴിക്കോട് കോര്‍പ്പറേഷനാണ് സൗജന്യമായി ഫ്‌ളാറ്റ് നിര്‍മിച്ചത്.

2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. 4 വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഫ്‌ളാറ്റിനുള്ളില്‍ ഒന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താമസക്കാര്‍. പല ഫ്‌ളാറ്റുകളുടെയും മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് അടര്‍ന്നു വീഴുകയാണ്. നിര്‍മാണത്തിന് ഉപയോഗിച്ച കമ്പി പുറത്ത് കാണാം. മഴ പെയ്താല്‍ വെള്ളം ചോര്‍ന്നൊലിക്കുന്നു. ഫ്‌ളാറ്റിന്റെ ആറും ഏഴും നിലകളിലാണ് പ്രശ്‌നം രൂക്ഷം.

Signature-ad

കല്ലൂത്താന്‍ കടവ് ഏരിയ ഡെവലപ്പ്‌മെന്റ് കമ്പനിയാണ് നിര്‍മാണം നടത്തിയത്. പദ്ധതി ആരംഭിക്കുമ്പോള്‍ 140 കുടുബങ്ങള്‍ക്ക് രണ്ട് കിടപ്പു മുറിയോടു കൂടിയ ഫ്‌ലാറ്റായിരുന്നു വാഗ്ദാനം. എന്നാല്‍, നിര്‍മാണം കഴിഞ്ഞ് ലഭിച്ചത് ഒരു കിടപ്പുമുറിയുള്ള ഫ്‌ളാറ്റാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. നിര്‍മാണത്തിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഫ്‌ളാറ്റിലുള്ളവര്‍ ആരോപിക്കുന്നു. അറ്റകുറ്റ പണികള്‍ക്കായി താമസക്കാരില്‍നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. താമസക്കാര്‍ക്ക് ഒപ്പം നിന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ഫ്‌ളാറ്റിന്റെ ദുരവസ്ഥ പുറത്ത് വന്നതോടെ കോര്‍പ്പറേഷന്റെ പൊതുമരാമത്ത് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് കെട്ടിട്ടത്തിന്റെ അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.

Back to top button
error: