KeralaNEWS

ബിഷപ്പിനെതിരേ കലാപാഹ്വാനം; ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക സഭാകോടതി

ആലപ്പുഴ: ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ താമരശ്ശേരി രൂപതയില്‍ പ്രത്യേക സഭാകോടതി രൂപവത്കരിച്ചു. അസാധാരണ നടപടിയാണിത്. ബിഷപ്പിനെതിരേ കലാപത്തിനു പ്രേരിപ്പിച്ചുവെന്നതടക്കം നാലു കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

പല വിഷയത്തിലുമുള്ള സഭാനേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ശുശ്രൂഷാദൗത്യംവിട്ട ഫാ. അജി പുതിയാപറമ്പിലിനെയാണു കുറ്റവിചാരണ ചെയ്യുക. പൗരോഹിത്യം തുടര്‍ന്നുകൊണ്ട് സാമൂഹികപ്രവര്‍ത്തനം നടത്തുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

Signature-ad

ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ടാണു വിചാരണക്കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍, ഫാ. ജോണ്‍ പള്ളിക്കവയലില്‍ എന്നിവര്‍ അംഗങ്ങളാണ്. നാലു കുറ്റങ്ങളാണ് ഫാ. അജിക്കെതിരേ ചുമത്തിയിട്ടുള്ളതെന്നു താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ സര്‍ക്കുലറില്‍ പറയുന്നു.

വൈദികനെ സസ്പെന്‍ഡുചെയ്ത തീരുമാനം പുതിയ ഉത്തരവില്‍ പിന്‍വലിച്ചിട്ടുണ്ട്. സസ്പെന്‍ഷനെതിരേ ഫാ. പുതിയാപറമ്പില്‍ അപ്പീല്‍ നല്‍കിയിരുന്നു. കൃത്യമായ കാനോനിക നടപടിക്രമം പൂര്‍ത്തീകരിച്ച് കൂടുതല്‍ നടപടിയെടുക്കാനാണു കുറ്റവിചാരണക്കോടതി സ്ഥാപിച്ചതെന്നാണു സൂചന. സമന്‍സ് അയച്ചുവരുത്തി വൈദികനെ കേട്ടശേഷമാകും തുടര്‍നടപടി. വൈദികവൃത്തിയില്‍നിന്നു നീക്കാന്‍ വത്തിക്കാന്റെ അനുമതിയുള്‍പ്പെടെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇദ്ദേഹമിപ്പോള്‍ കളമശ്ശേരിയിലെ സെയ്ന്റ് ജോസഫ്സ് സോഷ്യല്‍ സെന്ററിലാണു കഴിയുന്നത്.

മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ നൂറാംതോട് പള്ളിയിലേക്കു മാറ്റിയിരുന്നു. അവിടെ ചുമതലയേല്‍ക്കേണ്ടദിവസമാണു ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോന്നത്. ഒന്നരവര്‍ഷം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് സഭാ കോടതിയെന്നും ഇത് അപരിഷ്‌കൃതമാണെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു. സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെയും വിവിധ നിയമനങ്ങളിലെ കോഴയെയും താന്‍ എതിര്‍ത്തിട്ടുണ്ട്. അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചിരുന്നു. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദര്‍ അജി പറഞ്ഞു.

Back to top button
error: