CrimeNEWS

മലബാറില്‍ ക്രീം തേച്ച് വെളുത്തവര്‍ക്ക് വൃക്കരോഗം; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം

മലപ്പുറം: വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവര്‍ധക ലേപനങ്ങള്‍ മലബാര്‍ വിപണിയില്‍ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിര്‍മാണ മേല്‍വിലാസമില്ലാത്ത ലേപനങ്ങളാണിവ.

ചില ക്രീമുകളില്‍ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വില്‍പന നിരീക്ഷിച്ചുവരികയായിരുന്നു.

Signature-ad

മലപ്പുറത്തു ‘യൂത്ത് ഫെയ്‌സ്’, ‘ഫൈസ’ തുടങ്ങിയ ചര്‍മം വെളുപ്പിക്കല്‍ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്കാണ് നെഫ്രോടിക് സിന്‍ഡ്രോം കണ്ടെത്തിയത്. ഇതില്‍ ഗുരുതരനിലയിലായ പതിനാലുകാരി തുടര്‍ച്ചയായി ‘യൂത്ത് ഫെയ്‌സ്’ ഉപയോഗിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ.പി.എസ്.ഹരി പറഞ്ഞു.

‘യൂത്ത് ഫെയ്‌സ്’ ക്രീമില്‍ നിര്‍മാതാക്കളുടെ വിവരങ്ങളില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവര്‍ ഇങ്ങനെയൊരു ക്രീം നിര്‍മിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകള്‍ വിപണിയിലുണ്ട്.

ക്രീമുകളില്‍ ലോഹമൂലകങ്ങള്‍ അമിതമായുള്ളതിനാല്‍ പെട്ടെന്നു ചര്‍മത്തിനു തിളക്കമുണ്ടാകും. എന്നാല്‍, ഈ മൂലകങ്ങള്‍ രക്തത്തില്‍ കലര്‍ന്നു വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം.

 

Back to top button
error: