കാർട്ടൂൺ, നർമ്മകഥകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ മലയാളികളെ ആവോളം ചിരിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. മലയാളത്തിലെ എല്ലാ പ്രമുഖ ആനുകാലികങ്ങളിലും കാർട്ടൂണുകൾ വരച്ചിട്ടുള്ള സുകുമാർ, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.
ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലാണ് ജനനം. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. അച്ഛന്‍ തമ്പാനൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളി ദിനപ്പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാര്‍ട്ടൂണില്‍ ആദ്യ ഗുരു. 1950ല്‍ ആദ്യ കാര്‍ട്ടൂണ്‍ വികടനില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മലയാള മനോരമ, മാതൃഭൂമി, ജനയുഗം, ശങ്കേഴ്‌സ് വീക്കിലി എന്നിവയില്‍ വരച്ചു. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്.
കഥ, കവിത, നാടകം, നോവല്‍ ഉള്‍പ്പെടെ 50-ലധികം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് 1996-ല്‍ ലഭിച്ചു.
ഡി.ഐ.ജി. ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭാര്യ പരേതയായ സാവിത്രി. മകള്‍ സുമംഗല സീരിയല്‍- ഡബ്ബിങ് ആര്‍ടിസ്റ്റാണ്. മരുമകന്‍: സുനില്‍. സനൂപ് കൃഷ്ണന്‍, അഡ്വ. ശ്രീകുമാര്‍ എന്നിവര്‍ പേരക്കുട്ടികളാണ്.