കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഭാര്യയുടെ പരാതി അന്വേഷിക്കാൻ പോയ പൊലീസ് സംഘത്തിനു നേരേ ഭർത്താവിന്‍റെ ആക്രമണം. കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ വിനോദിന് പരുക്കേറ്റു. പ്രതിയായ കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പൊലീസ് വാഹനത്തിനും കേടുപാട് പറ്റി.
ഇന്നലെയാണ് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് കൊയിലാണ്ടി മാടക്കര സ്വദേശിനി പൊലീസിൽ പരാതി നൽകിയത്. ഇത് അന്വേഷിക്കാൻ രാത്രി 9 മണിയോടെ യുവതിയുടെ വീട്ടിലെത്തിയ കൊയിലാണ്ടി എഎസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കമ്പി വടി ഉപയോഗിച്ച് എഎസ്ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. മറ്റു പൊലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ചു. കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇതിനിടെ പൊലീസ് വാഹനം തകർക്കാനും ശ്രമം ഉണ്ടായി. അറസ്റ്റിലായ കാപ്പാട് സ്വദേശി റൗഫ് ലഹരിക്കടിമയും നിരവധി കേസിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന ഇയാൾ മൂന്ന് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. പരുക്കേറ്റ എഎസ്ഐ വിനോദിന്റെ ആരോഗ്യനില തൃപ്തികരമാണ്.