KeralaNEWS

ചെങ്ങന്നൂരിലും തിരുവല്ലയിലും സ്റ്റോപ്പില്ല; വന്ദേ ഭാരത് കണ്ടുനില്‍ക്കാന്‍ മാത്രം പത്തനംതിട്ട ജില്ലക്കാര്‍ക്ക് വിധി

പത്തനംതിട്ട: വന്ദേ ഭാരത് എക്‌സ്പ്രസ് കടന്നുപോകുന്ന ജില്ലകളിലെല്ലാം സ്റ്റോപ്പ് ഉണ്ടായിട്ടും കണ്ടുനില്‍ക്കാന്‍ മാത്രം പത്തനംതിട്ട ജില്ലക്കാര്‍ക്ക് വിധി. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ല വഴിയാണ് ട്രെയിന്‍ കടന്നുപോകുന്നതെങ്കിലും ഇവിടെ നിര്‍ത്തുന്നില്ല. പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ക്ക് ആദ്യ വന്ദേ ഭാരതില്‍ കയറണമെങ്കില്‍ കോട്ടയത്തോ കൊല്ലത്തോ പോകണം. രണ്ടാം വന്ദേ ഭാരത്തില്‍ കയറാന്‍ ആലപ്പുഴയില്‍ എത്തണം.

പത്തനംതിട്ട ജില്ലക്കാര്‍ക്ക് സൗകര്യപ്രദമായ തൊട്ടടുത്ത സ്റ്റേഷനായ ചെങ്ങന്നൂരും ജങ്ഷനായ കായംകുളത്തും രണ്ടിനും സ്റ്റോപ്പ് ഇല്ല. ഇതോടെ ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പോകുകയാണ് വന്ദേ ഭാരത്. ട്രെയിനിന് തിരുവല്ലയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയും ചെങ്ങന്നൂരില്‍ നിര്‍ത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും ആവശ്യപ്പെടുന്നുണ്ട്. വിവിധ സംഘടനകളും ഇതേ ആവശ്യം ഉയര്‍ത്തിയെങ്കിലും പുതിയ സമയക്രമത്തിലും ഇത് ഉണ്ടായിട്ടില്ല.

Signature-ad

ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് പുറമെ കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരും തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളാണ് പ്രയോജനപ്പെടുത്തുന്നത്. ആലപ്പുഴ വഴി പോകുന്ന ട്രെയിനുകളില്‍ കയറാന്‍ കായംകുളത്ത് എത്തുന്നവരും കുറവല്ല. ഇതിനു പുറമെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കലഞ്ഞൂര്‍, പുനലൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരും ചെങ്ങന്നൂര്‍ സ്റ്റേഷനാണ് പ്രയോജനപ്പെടുത്തുന്നത്.

ശബരിമല യാത്രയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പറയുമ്പോഴും ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് ചെങ്ങന്നൂരിലായതിനാല്‍ ആദ്യ വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇത് ഉണ്ടായില്ല. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ വരുമാന പട്ടിക പരിശോധിക്കുമ്പോള്‍ ആദ്യ പത്തില്‍ വരുന്ന സ്റ്റേഷനാണ് ചെങ്ങന്നൂര്‍. എന്നാല്‍ അടുത്തടുത്തുള്ള ചെങ്ങന്നൂര്‍, തിരുവല്ല സ്റ്റേഷനുകളില്‍ സ്റ്റോപ്പ് വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യമാണ് രണ്ടിടവും മാറ്റിവെച്ചതിനു പിന്നിലെന്ന് പറയുന്നുണ്ട്.

 

Back to top button
error: