ചണ്ഡീഗഡ്: പഞ്ചാബിലെ മുക്തസറില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍, കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയാണ് ഇവര്‍ക്കെതിരായ ആരോപണം. പൊലീസ് സൂപ്രണ്ടും മറ്റു രണ്ട് പൊലീസുകാരുമാണ് അറസ്റ്റിലായത്. പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍വയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി ഭഗവന്ത് മാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു നടപടിയുണ്ടായത്. മുക്ത്സര്‍ എസ്പി രമണ്‍ദീപ് സിങ് ഭുള്ളര്‍, ഇന്‍സ്‌പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ്, കോണ്‍സ്റ്റബിള്‍ ഹര്‍ബന്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ, സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. കേസ് അന്വേഷിക്കാന്‍ ലുധിയാന പൊലീസ് കമ്മിഷണര്‍ മന്‍ദീപ് സിങ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ജസ്‌കരണ്‍ സിങ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കും.
സെപ്റ്റംബര്‍ 14നാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റു െചയ്തത്. പൊലീസ് സംഘത്തോടു മോശമായി പെരുമാറിയെന്നും യൂണിഫോം കീറിയെന്നും പറഞ്ഞാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്‍ചാര്‍ജ് രമണ്‍ കുമാര്‍ കാംബോജാണ് ആരോപണവുമായി രംഗത്തുവന്നത്. പിന്നീട് ഇവരെ പൊലീസ് വിട്ടയയ്ക്കുകയും തുടര്‍ന്ന് അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
കസ്റ്റഡിയിലിരിക്കെ നടത്തിയ പീഡനത്തില്‍, പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ക്കെതിരെ ആയിരുന്നു പരാതി നല്‍കിയത്. സെപ്റ്റംബര്‍ 22ന് അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുക്ത്സര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കുകയായിരുന്നു.