മുത്തങ്ങ: വയനാട് പനവല്ലിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്. കടുവയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം തെരഞ്ഞിട്ടും കടുവയെ മയക്കുവെടി വയ്ക്കാൻ കിട്ടിയിരുന്നില്ല. ദൗത്യം നീളുമെന്നു തോന്നിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി കടുവ കൂട്ടിലായത്.
ജൂൺ 23നും പനവല്ലിയിൽ കടുവ കൂട്ടിലായിരുന്നു. അന്ന് പിടിച്ച കടുവയെ വയനാട് വന്യജീവി സാങ്കേതത്തിൽ തുറന്നു വിട്ടിരുന്നു. അതേ കടുവ തന്നെയാണ് വീണ്ടും നാട്ടിൽ ഇറങ്ങിയത് എന്നാണ് സംശയം. കടുവയെ രാത്രി തന്നെ മുത്തങ്ങയിലേക്ക് മാറ്റിയേക്കും. കടുവയെ മയക്കുവെടി വെച്ചാലും കെണിയിൽ വീണാലും മുത്തങ്ങയിലേക്ക് മാറ്റി പരിശോധന നടത്തണം എന്നാണ് ഡാർട്ടിങ് ഓർഡറിൽ ഉള്ളത്. അതിന് ശേഷമാകും തുറന്നു വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.