തിരുവനന്തപുരം: മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചിട്ടുണ്ട്. അപ്പീലുകളിൽ കലക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയെന്നും സർക്കാർ അറിയിച്ചു. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.