KeralaNEWS

അഴീക്കോടന്‍ ദിനത്തിനായി ഗോവിന്ദന്‍ ഇന്ന് തൃശൂരില്‍; കരുവന്നൂര്‍ വിവാദത്തില്‍ രാഷ്ട്രീയപ്രതിരോധത്തിന് സിപിഎം

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് തൃശൂര്‍ ജില്ലയിലെത്തും. അഴീക്കോടന്‍ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനാചരണത്തില്‍ പങ്കെടുക്കാനാണ് എം വി ഗോവിന്ദനെത്തുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനില്‍ക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തൃശൂരിലെത്തുന്നത്. ഇഡി കേസ് രാഷ്ട്രീയമായി നേരിടാനുള്ള തന്ത്രങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരും.

അഴീക്കോടന്‍ കുത്തേറ്റുവീണ തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തും. വളന്റിയര്‍ മാര്‍ച്ചിനുശേഷം വൈകിട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ ചേരുന്ന അനുസ്മരണസമ്മേളനം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജു, സംസ്ഥാനകമ്മിറ്റി അംഗം എ.സി മൊയ്തീന്‍ എംഎല്‍എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കരുവന്നൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനും ഇ ഡിക്കുമെതിരെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ ജനശ്രദ്ധ ഉറപ്പാക്കാനാണ് പൊതുസമ്മേളനം.

Back to top button
error: