KeralaNEWS

ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ടത് 95 ല്‍; വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തത് 2023 ല്‍

കാസര്‍ഗോട്: ജില്ലാ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ നഷ്ടപരിഹാരം ഈടാക്കാനായി കോടതി കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തു. ചെറുവത്തൂര്‍ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഹര്‍ജിയിലാണ് ഹൊസ്ദുര്‍ഗ് സബ് കോടതിയുടെ നടപടി. വാഹനത്തിന്റെ മൂല്യം നിര്‍ണയിച്ച് 25ന് റിപ്പോര്‍ട്ട് നല്‍കാന്‍ മോട്ടര്‍വാഹന വകുപ്പിനു കോടതി നിര്‍ദേശം നല്‍കി. ഈ കേസില്‍ നേരത്തെ ആരോഗ്യവകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു.

19 വര്‍ഷവും 4 മാസവും പഴക്കമുള്ള വാഹനം വേണ്ടെന്ന ഹര്‍ജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സര്‍ക്കാര്‍ വാഹനം എന്ന നിലയില്‍ ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്യാന്‍ ഹൊസ്ദുര്‍ഗ് സബ് ജഡ്ജി എം.സി.ബിജു ഉത്തരവിട്ടത്. പലിശ അടക്കം 8 ലക്ഷം രൂപയാണ് പരാതിക്കാരിക്കു നഷ്ടപരിഹാരമായി നല്‍കേണ്ടത്.

Signature-ad

1995 ലാണ് കമലാക്ഷിയുടെ ഇടതു കണ്ണിന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാട്ടി കമലാക്ഷി ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 1999ല്‍ ഫയല്‍ ചെയ്ത കേസില്‍ 2018ല്‍ വിധി വന്നു. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി ഉത്തരവിട്ടത്. ഒരു വര്‍ഷം കഴിഞ്ഞും വിധി നടപ്പിലാക്കിയില്ല എന്നു കാട്ടി 2019ല്‍ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ നല്‍കുന്നതിന് ജില്ലാ ആശുപത്രിയിലെ വാന്‍ ആണ് ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ ഈടായി നല്‍കിയത്.

സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി തള്ളിയതോടെ ഈട് നല്‍കിയ വാന്‍ കഴിഞ്ഞ മാസം ജപ്തി ചെയ്യുകയായിരുന്നു. ഈ വാഹനത്തിന്റെ വില മോട്ടര്‍ വാഹനവകുപ്പ് മൂല്യനിര്‍ണയം നടത്തി നിശ്ചയിച്ചത് 30,000 രൂപയായിരുന്നു. അതിനാല്‍ ആണ് ഈ വാഹനം വേണ്ടെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചത്. ആര്‍ഡിഒയുടെ വാഹനം കൊണ്ടു പോകാനായി കോടതി ജീവനക്കാര്‍ എത്തിയപ്പോള്‍ വാഹനം ആദ്യം ഓഫിസില്‍ ഉണ്ടായിരുന്നില്ല. പിന്നീട് കോടതി തന്നെ ഇടപെട്ട് വാഹനം കോടതിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കോടതിയില്‍ എത്തിച്ചത്.

Back to top button
error: