IndiaNEWS

സ്വയം പഠനം, പരിശീലത്തിനു  പോയതുമില്ല; തേജസ്വി റാണയുടെ ഐഎഎസ് പദവിയിലേക്കുള്ള ജീവിത യാത്ര പ്രചോദനാത്മകം

   മാസങ്ങളുടെ കഠിനമായ തയ്യാറെടുപ്പുകൾക്കും കഠിനാധ്വാനത്തിനും ശേഷം ഓരോ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നു. പക്ഷേ, ഭാഗ്യശാലികളായ ചുരുക്കം ചിലർ മാത്രമാണ് വിജയിച്ച് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് ഉദ്യോഗസ്ഥരാകുന്നത്. ഔപചാരികമായ പരിശീലനമൊന്നുമില്ലാതെ യു.പി.എസ്‌.സിയിൽ വിജയിച്ച് അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ ഐഎഎസ് ഉദ്യോഗസ്ഥ തേജസ്വി റാണയുടെ ജീവിത യാത്ര പ്രചോദനാത്മകവും മറ്റനേകം  സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് മാർഗദീപവുമാണ്.

ഹരിയാന സംസ്ഥാനത്തെ കുരുക്ഷേത്ര സ്വദേശിനിയായ തേജസ്വി സ്കൂൾ കാലഘട്ടത്തിൽ തന്നെ മിടുക്കിയായ വിദ്യാർഥിയായിരുന്നു. ഇന്റർമീഡിയറ്റിന് ശേഷം അവർ ജെ.ഇ.ഇ പരീക്ഷ എഴുതി. കുട്ടിക്കാലം മുതൽ എൻജിനീയറിംഗ് പഠിക്കുക എന്നത് സ്വപ്നമായിരുന്നു. ജെ.ഇ.ഇ പാസായി കാൺപൂർ ഐ.ഐ.ടിയിൽ പ്രവേശിച്ചു. അപ്പോഴാണ് യു.പി.എസ്‌.സിയിൽ താൽപര്യം തോന്നിയത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് പഠനം ആരംഭിക്കാൻ തേജസ്വി തീരുമാനിച്ചു.

Signature-ad

അടിത്തറ ശക്തിപ്പെടുത്തുന്നതിന് യു‌ .പി‌.എസ്‌.സി പാഠ്യപദ്ധതി ശ്രദ്ധാപൂർവ്വം പരിശോധിച്ചാണ് പഠനം ആരംഭിച്ചത്. തന്റെ ഷെഡ്യൂൾ മികച്ചതാക്കുകയും എല്ലാ ദിവസവും കഴിയുന്നത്ര പഠിക്കുകയും ചെയ്തു. ഉത്തരങ്ങൾ എഴുതാൻ പരിശീലിക്കുകയും മോക്ക് പരീക്ഷകൾ നടത്തി സ്വയം വിലയിരുത്തുകയും ചെയ്തു. സ്വന്തമായി കുറിപ്പുകൾ തയ്യാറാക്കി സ്വയം തയ്യാറെടുക്കുകയും ഇന്റർനെറ്റ് ഉപയോഗിച്ച് തന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

2015ലാണ് തേജസ്വി ആദ്യമായി യു.പി.എസ്‌.സി പരീക്ഷ എഴുതിയത്. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചെങ്കിലും മെയിൻ പാസാകാനായില്ല. പക്ഷേ, പരാജയം അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടസപ്പെടുത്തിയില്ല. ഉറച്ചു നിന്ന്, കൂടുതൽ നന്നായി തയ്യാറെടുത്തു. കഠിനാധ്വാനത്തിന് ഫലമുണ്ടായി, 2016-ൽ അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് കരസ്ഥമാക്കി. ഇപ്പോൾ ഐപിഎസ് ഓഫീസർ അഭിഷേക് ഗുപ്തയെ വിവാഹം കഴിച്ച് സന്തുഷ്ടയായി ജീവിതം നയിക്കുന്നു തേജസ്വി റാണ.

Back to top button
error: