KeralaNEWS

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഇടുക്കി ഡി.എഫ്.ഒ  ബി.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    കട്ടപ്പന: കാട്ടിറച്ചി കൈവശംവച്ചു എന്നാരോപിച്ച് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ (ഡി.എഫ്.ഒ.) ബി.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. തൊടുപുഴ ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ഡി എഫ്.ഒ. ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 13 പ്രതികളിൽ പതിനൊന്നാം പ്രതിയാണ് രാഹുൽ . ഇതോടെ ഇയാളെ അറസ്റ്റു ചെയ്യാൻ പോലീസിനുണ്ടായിരുന്ന തടസം നീങ്ങി.

കണ്ണംപടി, മുല്ല ആദിവാസി ഊരിലെ പുത്തൻ പുരയ്ക്കൽ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിനടപടി. ബുധനാഴ്ച വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്നലെ വിധി പറഞ്ഞത്. സരുൺ സജിക്കു വേണ്ടി കോടതിയിൽ അഡ്വ. കെ.എസ് അരുൺ കുമാർ ജാമ്യാപേക്ഷയെ എതിർത്തു.

Signature-ad

2022 സെപ്റ്റംബർ 20നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. കാട്ടിറച്ചി കടത്തി എന്നാരോപിച്ച്  ഓട്ടോറിക്ഷ ഡ്രൈവറായ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും  കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുകയായിരുന്നു. മർദ്ദിക്കുകയും,  ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. റിമാൻഡിൽ കഴിഞ്ഞ സരുണിനെ കസ്റ്റഡിയിൽ വാങ്ങി കേസ് അന്വേഷണം പൂർത്തിയാക്കിയത് ഡി എഫ് ഒ ആയിരുന്നു. ജാമ്യത്തിലിറങ്ങിയ സരുൺ സജി നൽകിയ പരാതിയിൽ മനുഷ്യാവകാശ – ഗോത്ര വർഗ കമ്മീഷനുകളുടെ നിർദ്ദേശ പ്രകാരം ഉപ്പുതറ പോലീസ്  പട്ടികജാതി- പട്ടിക വർഗ്ഗ പീഢന നിരോധന നിയമ പ്രകാരം 13 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. അതിനിടെ ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ ഉന്നതതല അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നും, പിടിച്ചെടുത്തത് പശു ഇറച്ചിയാണെന്നും തെളിഞ്ഞിരുന്നു. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ (ഡി എഫ് ഒ), സെക്ഷൻ ഫോറസ്റ്റർ ഉൾപ്പടെ ഒൻപതു പേരെ സസ്പൻഡു ചെയ്യുകയും പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു.

Back to top button
error: