NEWSWorld

ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടു; പൊട്ടിച്ചിരിച്ച പോലീസുകാരനെതിരേ നടപടി വേണമെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്: പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ഓഫീസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പോലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു.

2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല(23), അമിത വേഗതയിലെത്തിയ പോലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായ ജാഹ്നവി. സിയാറ്റില്‍ പോലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ”അവള്‍ മരിച്ചു” എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. ”ജനുവരിയില്‍ സിയാറ്റിലിലുണ്ടായ വാഹനാപകടത്തില്‍ ജാഹ്നവി കണ്ടുല മരിച്ച സംഭവം പോലീസ് കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വളരെ വിഷമിപ്പിക്കുന്നതാണ്. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ അധികാരികളോടും വാഷിംഗ്ടണ്‍ ഡിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഞങ്ങള്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണവും നടപടിയുമെടുക്കണം. കോണ്‍സുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കും” -കോണ്‍സുലേറ്റ് വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: