പേരിൽ കൗതുകമൊളിപ്പിച്ചിരിക്കുകയാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ടാണ് സോമനായി എത്തുന്നത്. വിനയ് ഫോർട്ടിന്റെ കൃതാവും ചർച്ചയായിക്കഴിഞ്ഞു, ഇപ്പോൾ സോമന്റെ കൃതാവിന്റെ പ്രമോഷൻ വീഡിയോയാണ് ചർച്ചയാകുന്നത്.
ആദ്യം ആലോചിച്ച പേര് ‘ക്രിമുഹി’
എന്താണ് പേര് എന്ന് ചോദ്യം. ഞാൻ ഇന്ത്യ എന്ന് ഉത്തരം. സ്വന്തം പേരിന് രാജ്യത്തിന്റെ പേരാണോ പറയുക എന്ന് മറുചോദ്യം. എന്റെ പേരാണ് ഇന്ത്യ എന്ന് പറയുന്നു പെൺകുട്ടി അധ്യാപകനോട്. ആ പെൺകുട്ടി സോമന്റെ മകളാണ്. ക്രിസ്‍ത്യൻ, മുസ്ലിം, ഹിന്ദു സൂചനകളുമായി മകൾക്ക് ‘ക്രിമുഹി’ എന്ന പേര് ആലോചിച്ചിരുന്നുവെന്ന് സോമന്റെ ഭാര്യ വ്യക്തമാക്കുന്നു. പിന്നീട് മതമേ വേണ്ടെന്നു തീരുമാനിച്ചുവെന്നും പറയുന്നു സോമൻ.
രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ?
അടുത്തിടെ രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകളും വളരെ വ്യാപകമായി അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാരതം എന്ന് പേരുമാറ്റാൻ ആലോചിക്കുന്നുവെന്നാണ് പ്രചാരണം നടന്നത്. ജി 20 ഉച്ചകോടിയിൽ ഭാരതമെന്ന് സർക്കാർ നെയിംബോർഡുകളിൽ ഉപയോഗിച്ചതാണ് ചർച്ചകൾക്കിടയാക്കിയത്. എന്നാൽ ആ ചർച്ചകൾക്കു മുന്നേയുള്ള സിനിമയാണ് സോമന്റെ കൃതാവ് എന്ന് ആരാധകരിൽ ചിലർ വ്യക്തമാക്കുന്നുണ്ട്.
കുട്ടനാട്ടുകാരനായ നായകൻ സോമൻ
കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായ നായക കഥാപാത്രമായ സോമനെ വിനയ് ഫോർട്ട് അവതരപ്പിക്കുന്നു. ഫറാ ഷിബിലയാണ് നായികയായി എത്തുന്നത്. മകളായി ദേവനന്ദയും സോമന്റെ കൃതാവിലുണ്ട്. സംവിധാനം രോഹിത് നാരായണൻ ആണ്. രഞ്‍ജിത് കെ ഹരിദാസ് തിരക്കഥ. സുജിത്ത് പുരുഷനാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീതം പി എസ് ജയഹരിയും ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്തും കല അനീഷ് ഗോപാലും വസ്‍ത്രാലങ്കാരം അനിൽ ചെമ്പൂറും ആണ്.