KeralaNEWS

കാറിൽ കടത്തിയ മാരക മയക്കു മരുന്ന്  എം.ഡി.എം.എയുമായി ഭാര്യയും ഭർത്താവും കൂട്ടുകാരനും  പൊലീസ്പിടിയിൽ

    കാസർകോട്: കാറിൽ കടത്തിയ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. മുമ്പ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയും ഇപ്പോൾ വിദ്യാനഗറിലെ അപാർട്മെന്റിൽ താമസിക്കുകയും ചെയ്യുന്ന സി എം ഖൈറുന്നീസ (42), യുവതിയുടെ ഭർത്താവായ പി എ അഹ്‌മദ്‌ ഷരീഫ് (40), ഇവരുടെ കൂട്ടുകാരൻ മുഹമ്മദ് ഇർശാദ് (36) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ വിദ്യാനഗർ പടുവടുക്കത്ത് വാഹന പരിശോധന നടത്തുന്നതിനിടെ പന്നിപ്പാറ ഭാഗത്ത് നിന്ന് ബിസിറോഡ് ഭാഗത്തേക്ക് വരികയായിരുന്ന വെള്ള മഹേന്ദ്ര കാർ നിർത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 3.99 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയത്.

Signature-ad

മുഹമ്മദ് ഇർശാദാണ് കാർ ഓടിച്ചിരുന്നത്. ചോദിച്ചപ്പോൾ സുഹൃത്തായ അഹ്‌മദ്‌ ഷരീഫിനെയും ഭാര്യയെയും ഉപ്പളയിൽ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരികയാണ് എന്നാണ് പറഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും പരുങ്ങുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഖൈറുന്നീസയുടെ ചൂരിദാറിന്റെ അരയിൽ വനിതാ പൊലീസുകാരി സബിത നടത്തിയ പരിശോധനയിലാണ് ടിഷ്യൂ പേപ്പർ പൊതി കണ്ടെത്തുകയും അതിനകത്ത് പ്ലാസ്റ്റിക് കവറിൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്. ഉപ്പളയിൽ നിന്ന് ഒരാൾ തന്നതാണെന്നും അയാളുടെ പേര് അറിയില്ലെന്നുമാണ് ഇവർ പറഞ്ഞത്. വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

കാറിനകത്ത് വിശദമായി പരിശോധിച്ചെങ്കിലും കൂടുതൽ മയക്കുമരുന്ന് കണ്ടെത്താനായില്ല. ഗ്രേഡ് എസ് ഐ ഇ ഉമേശന്റെ നേതൃത്വത്തിൽ സിപിഒമാരായ കെപി ഗണേഷ് കുമാർ, സബിത, സിപിഒയും ഡ്രൈവറുമായ നാരായണ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. കേസിന്റെ അന്വേഷണം വിദ്യാനഗർ ഇൻസ്‌പെക്ടർ പി പ്രമോദ് ഏറ്റെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: