SportsTRENDING

ഏഷ്യാ കപ്പ്: ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് ഓൾ ഔട്ടായപ്പോൾ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറിൽ 172 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റെടുത്ത കുൽദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യൻ ജയം സാധ്യമാക്കിയത്. സ്കോർ ഇന്ത്യ 49.1 ഓവറിൽ 213ന് ഓൾ ഔട്ട്, ശ്രീലങ്ക 41.3 ഓവറിൽ 172ന് ഓൾ ഔട്ട്.

സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനൽ ഉറപ്പിച്ചപ്പോൾ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം നിർണായകമായി. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. പരാജയമറിയാതെ 13 മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്കയുടെ വിജയക്കുതിപ്പിന് കൂടിയാണ് ഇന്ത്യ ഇന്ന് വിരാമമിട്ടത്.

99-6 എന്ന സ്കോറിൽ പരാജയം ഉറപ്പിച്ച ലങ്കയ്ക്ക് ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ധനഞ്ജയ ഡിസിൽവയും ദുനിത് വെല്ലാലെഗെയും പ്രതീക്ഷ നൽകിയെങ്കിലും ധന‍ഞ്ജയ ഡിസിൽവയെ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മഹീഷ തീക്ഷണയെ ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവ് പറന്നു പിടിച്ചപ്പോൾ കസുൻ രജിതയെയും മഹീഷ പതിരാനയെയും ഒരു ഓവറിൽ മടക്കി കുൽദീപ് യാദവ് ലങ്കൻ പോരാട്ടം അവസാനിപ്പിച്ചു. ബൗളിംഗിൽ അഞ്ച് വിക്കറ്റുമായി ഇന്ത്യയെ വട്ടം കറക്കിയ ദുനിത് വെല്ലാലെഗെ 46 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.ഇന്ത്യക്കായി കുൽദീപ് 43 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ ബുമ്ര 30 റൺസിനും ജ‍ഡേജ 33 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയെ തുടക്കത്തിലെ തകർച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേർന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കൻ ഓപ്പണർ പാതും നിസങ്കയെ തൻറെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിൻറെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളിൽ കുശാൽ മെൻഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാർ യാദവിൻറെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു.

ഇതിന് പിന്നാലെ ദിമുത് കരുണരത്നെയെ സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിൻറെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും(53), ഇഷാൻ കിഷൻ(31), കെ എൽ രാഹുൽ(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിൻറെയും അടിസ്ഥാനത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 റൺസിന് ഓമ്പതാം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അവസാന വിക്കറ്റിൽ അക്സർ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേർന്ന് 27 റൺസ് കൂട്ടിച്ചേർത്തത് നിർണായകമായി.

Back to top button
error: