പത്തനംതിട്ട: രോഗിയെ കൊണ്ടുവരാന്‍പോയ ആംബുലന്‍സുമായി ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളുമായി കൂട്ടയിടിച്ചു. പത്തനംതിട്ട-അടൂര്‍ റോഡില്‍ ഓമല്ലൂര്‍ കുരിശടി ജങ്ഷനിലായിരുന്നു നാലുവാഹനങ്ങളുടെ കൂട്ടയിടി സംഭവിച്ചത്. ഇതില്‍ ആംബുലന്‍സുമായി ആദ്യം ഇടിച്ച മാരുതി 800 കാര്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.
അതേസമയം, ഒരുമണിക്കൂറോളം ഓമല്ലൂര്‍ -അടൂര്‍ റോഡിലും ഓമല്ലൂര്‍ കുളനട റോഡിലും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍നിന്ന് കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരാന്‍പോയ സേവാ ഭാരതിയുടെ ആംബുലന്‍സ്, പത്തനംതിട്ടയില്‍നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി 800 കാര്‍, എതിരേവന്ന ഹ്യൂണ്ടായ് ഐ 10, പത്തനംതിട്ട-അമ്പലക്കടവ്-കുളനട വഴി പന്തളത്തിന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്.
പത്തനംതിട്ടയില്‍നിന്ന് വന്ന ആംബുലന്‍സും മാരുതി കാറും ഒരേസമയം കുരിശടി ജങ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിച്ചസമയം തന്നെ മാരുതി കാറും വലത്തേക്ക് തിരിഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് മാരുതി കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരേവന്ന ഹ്യൂണ്ടായ് ഐ 10 കാറിലേക്കാണ് മാരുതി കാര്‍ ചെന്നിടിച്ചത്. നിയന്ത്രണംവിട്ട ഹ്യൂണ്ടായ് കാര്‍ കുരിശടി സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റുകയായിരുന്ന സ്വകാര്യ ബസിന് പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്ക് ഒഴുകി. മാരുതി കാറിന്റെ മുന്നിലെ രണ്ട് എയര്‍ ബാഗുകളും പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല.
ആംബുലന്‍സിന്റെ ടാങ്കില്‍നിന്ന് ചോര്‍ന്ന ഡീസല്‍ ഫയര്‍ ഫോഴ്സ് എത്തി സോപ്പു പൊടി ഉപയോഗിച്ച് കഴുകി. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ഒരുമണിക്കുറോളം എടുത്താണ് വാഹനങ്ങള്‍ മാറ്റിയത്. ഇടി നടന്നതോടെ പത്തനംതിട്ട-പന്തളം-അടൂര്‍, പത്തനംതിട്ട-ഇലവുംതിട്ട റോഡില്‍ ഇന്നലെ ഒരുമണിക്കുറോളം ഗതാഗതതടസം നേരിട്ടു. ഇതിനെത്തുടര്‍ന്ന് വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയായിരുന്നു.