കൊച്ചി: കേരളത്തില്‍ ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഇതിനായി പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചു. ചെന്നൈയില്‍ പിടിയിലായ ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ആണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്.
പണത്തിനായി തൃശൂരും പാലക്കാടുമുള്ള ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതിയിട്ടതായി നബീല്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം ആറുനാണ് നബീലിലെ ചെന്നൈയില്‍ നിന്നും എന്‍ഐഎ പിടികൂടുന്നത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.
ഐഎസ് മോഡലില്‍ കേരളം കേന്ദ്രീകരിച്ച് തീവ്രവാദ സംഘടന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ തൃശൂര്‍ മൊഡ്യൂളിന്റെ ചുമതലക്കാരനായിരുന്നു നബീല്‍. ടെലഗ്രാം ഗ്രൂപ്പിലൂടെ ആളുകളെ തീവ്രവാദ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും, അവര്‍ക്ക് പരിശീലനം നല്‍കാനുമാണ് പദ്ധതിയിട്ടത്.
ഇതിനുള്ള പണം കണ്ടെത്താനായി തൃശൂരിലെയും പാലക്കാട്ടെയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കി. കൂടാതെ ഇതര സമുദായങ്ങളില്‍പ്പെട്ട നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു. ക്രൈസ്തവ സമൂഹത്തിലെ ചില പുരോഹിതര്‍ ഉള്‍പ്പെടെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് നബീല്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുള്ളത്.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനും സംഘം പദ്ധതിയിട്ടു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. മൊഡ്യൂളുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഭാഗമായിരുന്ന മറ്റുള്ളവരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍ഐഎയുടെ നീക്കം.