KeralaNEWS

ഉമ്മൻ ചാണ്ടിയെ ചതിച്ച പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്; അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ട്: ഗണേഷ് കുമാര്‍ 

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ചതിച്ച പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ.
സോളാര്‍ കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എന്നെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ചര്‍ച്ച നടക്കുന്നു.എനിക്ക് മറച്ച്‌ പിടിക്കാൻ ഒന്നുമില്ല. ഞാൻ രഹസ്യം സൂക്ഷിക്കുന്നയാളല്ല. കപട സദാചാരം അഭിനയിച്ച്‌ കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്നയാളുമല്ല ഞാൻ. അഞ്ച് തെരഞ്ഞെടുപ്പുകള്‍ ജയിച്ചു.  എം.എല്‍.എയായ ശേഷം കണ്ട അഴിമതികള്‍ നിയമസഭയില്‍ ഉന്നയിച്ചു. മാധ്യമങ്ങള്‍ക്ക് മുൻപിലല്ല അഴിമതി ഉന്നയിച്ചത് ഈ സഭയിലാണ്- ഗണേഷ് കുമാർ പറഞ്ഞു.

കപട സദാചാരം നടിച്ച്‌ കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളല്ല താന്‍.ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാല്‍ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. 2013 ഏപ്രില്‍ ഒന്നിന് യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ രാജിക്കത്ത് നിര്‍ബന്ധിച്ച്‌ ഏല്‍പ്പിച്ചതായിരുന്നു. എല്‍.ഡി.എഫിനെ വഞ്ചിച്ച്‌ യു.ഡി.എഫിലേക്ക് വരുമെന്ന് ഷാഫി കരുതേണ്ട, അഭയം നല്‍കിയ എല്‍.ഡി.എഫിനെ വഞ്ചിക്കുന്ന പ്രശ്‌നം മരിച്ചാലും ഉദിക്കുന്നില്ല.

ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ കേസില്‍ പങ്കില്ല എന്ന് തെളിയാന്‍ കാരണം പിണറായി വിജയനാണ്. അദ്ദേഹം സി.ബി.ഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോണ്‍ഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Signature-ad

തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Back to top button
error: