കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂര്‍ണമായും മുഖ്യമന്ത്രി തള്ളി.
“കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ കമ്ബനിയുടെ (സി.എം.ആര്‍.എല്‍.) ആദായനികുതി നിര്‍ണ്ണയത്തില്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ മാധ്യമങ്ങളില്‍ ലഭ്യമായ ചില പകര്‍പ്പുകളില്‍ നിന്നും പൊതുമണ്ഡലത്തില്‍ ചില കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക പകര്‍പ്പ് കാണാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും, ലഭ്യമായ വിവരം വച്ചുകൊണ്ടാണ് ഈ മറുപടി പറയുന്നത്.
ഒരു ആദായനികുതി ദായകന് സാധാരണ അപ്പീല്‍ പ്രക്രിയയ്ക്ക് ബദലായി ജീവിതത്തിലൊരിക്കല്‍ Full and True Disclosure (പൂര്‍ണ്ണവും സത്യസന്ധവുമായ വെളിപ്പെടുത്തല്‍) നടത്തി ആദായനികുതി നിയമം 245 D വകുപ്പു പ്രകാരം സെറ്റില്‍മെന്റ് കമ്മീഷനെ സമീപിക്കാവുന്നതാണ്. ഇത് ഒരു ഒത്തുതീര്‍പ്പിനു തുല്യമാണ്. ഇതിന്മേല്‍ അപ്പീലില്ല. ഇത് നികുതിദായകനും ആദായ നികുതി വകുപ്പും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പാണ്.
2021 ല്‍ കേന്ദ്ര ഫിനാന്‍സ് ആക്‌ട് സെറ്റില്‍മെന്റ് കമ്മീഷന്‍ ഉടന്‍ പ്രാബല്യത്തില്‍ നിര്‍ത്തലാക്കുകയും അതുവരെ രാജ്യത്തെ വിവിധ സെറ്റില്‍മെന്റ് കമ്മീഷന്‍ മുമ്ബാകെ തീര്‍പ്പാകാതെ കിടന്നിരുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനായി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു. ഈ ബോര്‍ഡിലെ അംഗങ്ങള്‍ ആദായനികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ്.
സിവില്‍ കോടതിയുടെ അധികാരമുള്ള ബോര്‍ഡിന്റെ അര്‍ദ്ധ ജുഡീഷ്യല്‍ ഓര്‍ഡര്‍ എന്നു പറയുമ്ബോഴും ഈ ഉത്തരവ് എഴുതുന്നത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്.
സി എം ആര്‍ എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റില്‍മെന്റില്‍ എക്‌സാലോജിക്ക് കമ്ബനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ല” മുഖ്യമന്ത്രി പറഞ്ഞു.
‘മാസപ്പടി’ എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്ബനി മറ്റൊരു കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് ബഹു. അംഗം ഇന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണം.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ടിയാല്‍ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയും ആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണ്.
ആരോപണം ഉന്നയിച്ച നിയമസഭാ അംഗത്തിന് പാര്‍ട്ടിയിലെ അഖിലേന്ത്യാ നേതൃനിരയില്‍പ്പെട്ട രണ്ടു വ്യക്തികള്‍ക്കെതിരെ
ആദായനികുതി വകുപ്പും അപ്പലേറ്റ് ട്രൈബ്യൂണലും ഉത്തരവുകള്‍ പാസ്സാക്കിയിട്ടുണ്ട്. അവരുടെ ഭാഗം കേട്ടശേഷമാണ് ഇത് പാസ്സാക്കിയിട്ടുള്ളത്. അതിന്റെ സ്വഭാവം കുറേക്കൂടി ക്വാസൈ ജുഡീഷ്യലാണ്. ഇവിടെ മറുഭാഗം കേള്‍ക്കാതെ, വിശകലനം നടത്താതെ, നടത്തിയ നിരീക്ഷണങ്ങള്‍ക്ക് കല്പിക്കുന്ന ദിവ്യത്വം അവിടെക്കൂടി കല്‍പ്പിക്കാന്‍ നിങ്ങളുടെ രാഷ്ട്രീയം നിങ്ങളെ അനുവദിക്കുമോ എന്നും പിണറായി വിജയൻ ചോദിച്ചു