CrimeNEWS

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയെ വിശ്വസിച്ച് പറഞ്ഞതെല്ലാം ചെയ്ത ടെക്കിക്ക് നഷ്ടമായത് ഒരു കോടി രൂപ!

അഹമ്മദാബാദ്: മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയെ വിശ്വസിച്ച് പറഞ്ഞതെല്ലാം ചെയ്ത ടെക്കിക്ക് നഷ്ടമായത് ഒരു കോടി രൂപ.  ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ അകപ്പെട്ട് തനിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി ഗുജറാത്തിലെ ഗാന്ധിനഗറിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. കുല്‍ദീപ് യാദവ് എന്ന യുവാവ് കഴിഞ്ഞ ജൂണിലാണ് മാട്രിമോണിയൽ സൈറ്റ് വഴി അതിഥി എന്ന യുവതിയുമായി പരിചയത്തിലാകുന്നത്.

യുകെയിൽ ഇറക്കുമതി, കയറ്റുമതി ബിസിനസ് നടത്തുകയാണെന്നാണ് അതിഥി കുല്‍ദീപിനോട് പറഞ്ഞിരുന്നത്. പിന്നീട് സംസാരിച്ച് അടുത്തപ്പോള്‍ ക്രിപ്റ്റോ കറൻസിയായ ‘ബാനോകോയിനിൽ’ നിക്ഷേപിച്ചാല്‍ മികച്ച വരുമാനം നേടാമെന്ന് അതിഥി കുല്‍ദീപിനെ വിശ്വസിപ്പിക്കുകയായിരുന്നു. അതിഥിയിൽ വിശ്വസിച്ച കുല്‍ദീപ്, ബാനോകോയിൻ കസ്റ്റമർ കെയർ പ്രതിനിധിയോട് സംസാരിക്കുകയും ചെയ്തു.

Signature-ad

തുടർന്ന് അദ്ദേഹം അവരുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. ആദ്യം ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇതോടെ ക്രിപ്റ്റോ അക്കൗണ്ടിൽ 78 USDT (US ഡോളർ ടെതർ) ലാഭം കാണിച്ചു. പിന്നീട് 18 ഇടപാടുകളിലായി കൂടുതല്‍ തുക കുല്‍ദീപ് നിക്ഷേപിക്കുകയായിരുന്നു. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയിലാണ് എല്ലാ നിക്ഷേപങ്ങളും നടത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് 2.59 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ അക്കൗണ്ട് ഫ്രീസ് ചെയ്തതയാണ് കാണിച്ചത്.

ഉടൻ തന്നെ മുമ്പ് സംസാരിച്ച കസ്റ്റമർ കെയർ പ്രതിനിധിയെ ബന്ധപ്പെട്ടു. അക്കൗണ്ട് വീണ്ടും ഓപ്പണ്‍ ആക്കാൻ 35 ലക്ഷം രൂപ കൂടി നിക്ഷേപിക്കണമെന്നാണ് ഇയാള്‍ പറഞ്ഞത്. അതിഥിയെ ബന്ധപ്പെട്ടെങ്കിലും തിരികെ മറുപടി ഒന്നും ലഭിക്കാതെ ആയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടു എന്ന് കുല്‍ദീപിന് മനസിലായത്. കേസില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ധാരാളം വിശ്വസനീയമായ സാമ്പത്തിക നിക്ഷേപകർ ഉള്ളപ്പോള്‍ അപരിചതരായ ആളുകളെ വിശ്വസിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Back to top button
error: