തൃശ്ശൂര്‍: റൗഡിപ്പട്ടികയിലുള്‍പ്പെട്ടയാളുടെ വീട്ടില്‍ മാരകായുധങ്ങളുമായി കയറി ആക്രമണം. മൂന്നുപേര്‍ അറസ്റ്റില്‍. പുലാക്കോട് സ്വദേശികളായ തെക്കേതില്‍ വിഷ്ണു (28), നമ്പിയത്ത് ഗോപാലകൃഷ്ണന്‍ എന്ന ബാലന്‍ (45), നാരങ്ങാപ്പറമ്പില്‍ ദില്‍ സുരേന്ദ്രന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയായ വിഷ്ണു പട്ടാളക്കാരനാണ്.
മേപ്പാടം മറ്റത്തില്‍വീട്ടില്‍ ജിജോയുടെ വീട്ടിലാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വാക്കത്തിയും സോഡാക്കുപ്പിയുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി വിഷ്ണുവും സംഘവുമെത്തി ആക്രമണം നടത്തിയത്. ജിജോയും വിഷ്ണുവും ഉള്‍പ്പെട്ട ജനുവരിയിലെ ആക്രമണക്കേസില്‍നിന്ന് വിഷ്ണുവിനെ ഒഴിവാക്കാത്തതിലുള്ള തര്‍ക്കമാണ് വീടുകയറി ആക്രമണത്തിലെത്തിയതെന്ന് പോലീസ് പറയുന്നു.
ജിജോയുടെ അമ്മയെയും ആക്രമിച്ചു. വീട്ടുപകരണങ്ങളുള്‍പ്പെടെ രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.