തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ ഉള്‍പ്പെടുന്ന സംഘത്തെ ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയതായും ഉന്നത ഇടപെടലിനെ തുടര്‍ന്നു തടിയൂരിയതായും പൊലീസിനു വിവരം ലഭിച്ചു. ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു സംഭവം.
ക്ഷേത്രപരിസരത്തു മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിന്റെ പേരിലുള്ള മുന്‍ വൈരാഗ്യം മൂലം ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ്. കാറോടിച്ച കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി. കൊലപാതകമാണെന്നു കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണത്തിനു പിന്നാലെ സിസി ടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണു കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം.
പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പുളിങ്കോട് ‘അരുണോദയ’ത്തില്‍ എ.അരുണ്‍കുമാറിന്റെ മകന്‍ ആദിശേഖര്‍ (15) ആണു മരിച്ചത്. ഏപ്രിലില്‍ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ആദിശേഖറിനെ പ്രിയരഞ്ജന്‍ തടഞ്ഞുവച്ചു മര്‍ദിക്കാന്‍ ശ്രമിച്ചെന്ന അരുണ്‍കുമാറിന്റെ അടുത്ത ബന്ധുവായ ലതാകുമാരിയുടെ മൊഴി കേസില്‍ നിര്‍ണായകമായി.
പ്രിയരഞ്ജന്‍ കുടുംബത്തോടൊപ്പം നാടുവിട്ടതായാണു സൂചന. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം വീട്ടിലേക്കു മടങ്ങാന്‍ സൈക്കിള്‍ തിരിക്കുമ്പോഴാണു പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആദിശേഖറിനെയും സൈക്കിളിനു പിന്നിലിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥി ആര്‍.നീരജിനെയും ഇടിക്കാന്‍ പാഞ്ഞടുത്തത്. കാര്‍ വരുന്നതു കണ്ട നീരജ് ക്ഷേത്രപരിസരത്തേക്കു ചാടി രക്ഷപ്പെട്ടു. ആദിശേഖറിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ ശരീരത്തിന്റെ ഒരു ഭാഗത്തു കൂടി കയറിയിറങ്ങി. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസ് എടുത്തത്. പിന്നീട് മനഃപൂര്‍വമല്ലാത്ത നരഹത്യയായി മാറി.
മകനെ അപായപ്പെടുത്തുമെന്നു പ്രിയരഞ്ജന്‍ ഭീഷണി മുഴക്കിയിരുന്നതായി ആദിശേഖറിന്റെ അച്ഛന്‍ ആരോപിച്ചു. പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ നാലാഞ്ചിറയിലാണു താമസിക്കുന്നത്. വിദേശത്തുള്ള ഭാര്യ വിവരം അറിഞ്ഞു നാട്ടില്‍ എത്തിയിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. വഞ്ചിയൂര്‍ ഗവ.എച്ച്എസിലെ അധ്യാപകന്‍ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് ആദിശേഖര്‍.